kda-ayyankulam
വീതി കുറഞ്ഞ റോഡിനു സമീപത്തെ അയ്യൻകുളം

കൊടകര: മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിൽ പൂവശേരിക്കാവ് അമ്പലത്തിന്റെ സമീപമുള്ള അയ്യൻകുളം കെട്ടിസംരക്ഷിക്കണമെന്ന് ആവശ്യം. കാലവർഷത്തിൽ കുളത്തിൽ വെള്ളം നിറഞ്ഞുകിടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അരയേക്കറിലുള്ള കുളത്തിന് സംരക്ഷണഭിത്തി ഒരുക്കണമെന്ന് വർഷങ്ങളായുള്ള പരാതിയാണ്.

10 മീറ്ററോളം താഴ്ചയുള്ള കുളത്തിൽ 5 മീറ്ററോളം മാത്രമാണ് ഭാഗികമായി കരിങ്കൽ ഭിത്തിയുള്ളത്. മറ്റൊരു വാഹനത്തിന് വശം നൽകാൻ പോലും വീതിയില്ലാത്ത റോഡാണ് കുളത്തിന് സമീപം കടന്നുപോകുന്നത്. ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഇടിയാനുള്ള സാദ്ധ്യതയും ഏറെയാണ്.

സ്‌കൂൾ ബസുകൾ, ടിപ്പറുകൾ തുടങ്ങി നിത്യേന നിരവധി വാഹനങ്ങളാണ് ഈവഴി പോകുന്നത്. പ്രദേശത്തെ 60 ഓളം കുടുംബങ്ങൾക്ക് മുരിയാട് പഞ്ചായത്ത്, കൃഷിഭവൻ, വില്ലേജ്, സൊസൈറ്റി തുടങ്ങി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏകമാർഗവും ഇതാണ്.

കുടിവെള്ള പദ്ധതി ആരംഭിക്കണം

മുരിയാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാരം രൂക്ഷമായ പ്രദേശമാണിത്. ജലസേചന പദ്ധതിയിൽ നിന്നും വെള്ളം കുളത്തിലെത്തിച്ചാൽ കുടിവെള്ള പദ്ധതിക്കും അയ്യൻകുളം ഉപകരിക്കും. നൂറോളം വർഷം പഴക്കമുള്ള കുളം ഇതിനകം സ്വകാര്യവ്യക്തികൾ കൈയേറിയതായും പരാതിയുണ്ട്. പണ്ട് ജലസേചനത്തിനും കൃഷിക്കും കുളിക്കാനും മറ്റും കുളം ഉപയോഗിച്ചിരുന്നു. കാലങ്ങളായി കാടുപിടിച്ച് കിടക്കുന്നതിനാൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ് കുളം.

പരാതി നൽകി
ജീവനും സ്വത്തിനും സംരക്ഷണം നൽകി അപകടമില്ലാത്ത വിധം കുളം കെട്ടി സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.എൻ. സുരേന്ദ്രൻ, കോടമുക്കിൽ ശിവൻ എന്നിവരുടെ നേതൃത്വത്തിൽ 100ഓളം പേർ ഒപ്പിട്ട പരാതി കളക്ടർക്ക് നൽകി.


അയ്യൻകുളം സംരക്ഷണഭിത്തി കെട്ടി അപകടഭീഷണിക്ക് പരിഹാരം കാണണം.

-ജയൻ മണാളത്ത്, ബി.ജെ.പി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്