ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് ആരോപണം

ചാവക്കാട്: പുന്ന സെന്ററിൽ നിന്നിരുന്ന കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെ നാലുപേരെ ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. നാലുപേരെയും തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ പുന്നയിൽ കോൺഗ്രസ് - എസ്.ഡി.പി.ഐ സംഘട്ടനം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് നിഗമനം.

കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ് (പുന്ന നൗഷാദ്- 44), കാവീട് സ്വദേശി ബിജേഷ്(40), പാലയൂർ പുതുവീട്ടിൽ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് 6.30 നായിരുന്നു ആക്രമണം.

പുന്ന സെന്ററിൽ നിൽക്കുമ്പോൾ ബൈക്കുകളിലെത്തിയ സംഘം വാൾ, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവ കൊണ്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നത്രെ. ആക്രമണത്തിന് ഇരയായ പുന്ന നൗഷാദ് നിരവധി കേസുകളിൽ പ്രതിയാണ്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനും മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസും ആവശ്യപ്പെട്ടു.