തൃശൂർ : പിതൃമോക്ഷ പ്രാപ്തിക്കായി കർക്കടക വാവുബലിയിട്ട് ആയിരങ്ങൾ പുണ്യം നേടി. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ഇന്നലെ പുലർച്ചെ മുതൽ തർപ്പണത്തിന് വൻ തിരക്കായിരുന്നു. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ മേൽശാന്തി വി.കെ രമേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് തോപ്പിൽ പീതാംബരൻ, വൈസ് പ്രസിഡന്റ് കെ.കെ ബാബു, സെക്രട്ടറി പി.കെ ബാബു, അസി. സെക്രട്ടറി ഉന്മേഷ് പാറയിൽ, ട്രഷറർ കെ.വി ജിനേഷ്, ഭരണ സമിതി അംഗങ്ങളായ എം.കെ സൂര്യപ്രകാശ്, സി.എസ് മംഗൾദാസ്, ഡോ. ടി.കെ വിജയരാഘവൻ, പി.വി ഗോപി, കെ.കെ ജയൻ, പി.കെ സുനിൽ കുമാർ, കെ.കെ പ്രകാശൻ, ആനന്ദപ്രസാദ് എന്നിവർ നേതൃത്വം നൽകി. പൊങ്ങണംകാട് ബാലമുരുക ക്ഷേത്രത്തിൽ പുലർച്ചെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ പത്ത് വരെ നീണ്ടു. പാറമേക്കാവ് ശാന്തി ഘട്ട്, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ് എന്നിവിടങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. തർപ്പണ ചടങ്ങിനെത്തിയവർക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി.