ചാവക്കാട്: പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത് പുറത്ത് നിന്നുള്ള പ്രൊഫഷണൽ സംഘമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പൂർവവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് മുമ്പും ശേഷവും ആസൂത്രണ ഘട്ടത്തിലും പ്രൊഫഷണൽ സംഘത്തിന് പ്രാദേശികമായി സഹായം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രത്തിലെത്തി ആക്രമണം നടത്തണമെങ്കിൽ നൗഷാദിനെക്കുറിച്ചുള്ള പൂർണ വിവരം യഥാസമയം ലഭിക്കണം. പ്രാദേശിക സംഘങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശരീരഭാഗങ്ങൾ നോക്കി വെട്ടുന്നതിൽ പരിശീലനം ലഭിച്ചവരാണ് ആക്രമണം നടത്തിയത്. കൈകാലുകൾ, തല എന്നിവ ലക്ഷ്യമാക്കിയാണ് വെട്ടിയത്. ശരീരത്തിലാകമാനം 28 വെട്ടുകളുണ്ട്. മുഖം മുതൽ കാൽപ്പാദം വരെ വെട്ടേറ്റിട്ടുണ്ട്.
ഏഴ് ബൈക്കുകളിലായി എത്തിയ പതിന്നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ബൈക്കിന് പിറകിലിരുന്ന ഏഴ് പേർ മാത്രമാണ് ആക്രമണം നടത്തിയത്. കൈകളിൽ വാളും കോടാലിയും കെട്ടിവച്ചായിരുന്നു ആക്രമണം. ബൈക്കോടിച്ചവർ ജാഗ്രതയോടെ കാത്തു നിന്നു. നൗഷാദിനെ ലക്ഷ്യമാക്കിയായിരുന്നു ഏഴ് പേരും പാഞ്ഞടുത്തത്. നൗഷാദിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് വെട്ടേറ്റത്.
എസ്.ഡി.പി.ഐ നേതാക്കളും പൊലീസിന്റെ നീരിക്ഷണത്തിലാണ്. കൊല്ലപ്പെട്ട നൗഷാദിന്റെ പേരിൽ 22 ഓളം ക്രിമിനൽ കേസുകളുണ്ട്. എതാനും നാളുകളായി മറ്റ് കേസുകളിൽ നിന്ന് ഒഴിവായി നിൽക്കുകയായിരുന്നു നൗഷാദ്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. എ.സി.പിമാരായ സി.എസ് സിനോജ്, വി.കെ രാജു, ബിജു ഭാസ്‌കർ, സി.ഐമാരായ കെ.സി സേതു, കെ.ജി സുരേഷ്, ജി. ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊലീസിന് വീഴ്ചയെന്ന് ആരോപണം
പുന്ന പ്രദേശത്ത് കഴിഞ്ഞ എതാനും മാസങ്ങളായി രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നും ആരോപണമുണ്ട്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട ഹനീഫയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനാണെന്ന് ആരോപിച്ച് ഇയാളെ വധിക്കാൻ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ സംഭവും ഉണ്ടായിരുന്നു. തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ നൗഷാദ് കൊല്ലപ്പെടുന്നത്.
13 വർഷം, നാലാമത്തെ കൊലപാതകം
പ്രതി സ്ഥാനത്ത് ലീഗും സി.പി.എമ്മും കോൺഗ്രസും എസ്.ഡി.പി.ഐയും
2006 ൽ സി.പി.എം നേതാവും ചാവക്കാട് നഗരസഭാ ചെയർമാനുമായിരുന്ന കെ.പി വത്സലൻ
കെ.വി അബ്ദുൾ ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊലപാതകം
സുഹൃത്ത് അക്ബറിനും കുത്തേറ്റു
പ്രതികൾ ലീഗുകാർ
2007ൽ വത്സലൻ കേസിലെ ഒന്നാം പ്രതി സുലൈമാൻ കുട്ടി
പ്രതി സ്ഥാനത്ത് സി.പി.എമ്മുകാർ
2015 ൽ കോൺഗ്രസ് പ്രവർത്തകൻ ഹനീഫ
പ്രതിസ്ഥാനത്ത് കോൺഗ്രസിലെ തന്നെ എതിർഗ്രൂപ്പ്
2019 ൽ നൗഷാദ്
പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐ