തൃശൂർ : സ്വന്തം പാർട്ടി പ്രവർത്തകൻ കൊലക്കത്തിക്കിരയായിട്ടും അതിന് ഉത്തവാദികളായവരെ തള്ളിപ്പറയാൻ തയ്യാറാകാത്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ടി.എൻ പ്രതാപൻ എം.പിയും കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് കുറ്റപ്പെടുത്തി. തന്റെ വിജയത്തിനായി തിരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തിച്ച ബൂത്ത് പ്രസിഡന്റിനെ വധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പറയാതെ പൊലീസിന്റെ വീഴ്ച്ച അന്വേഷിക്കണമെന്നാണ് പ്രതാപൻ ആദ്യം ആവശ്യപ്പെട്ടത്. പ്രതാപന്റെ അവസരവാദ നയം കോൺഗ്രസ് പ്രവർത്തകർ തുറന്നു കാട്ടണമെന്നും നാഗേഷ് പറഞ്ഞു. പ്രാദേശിക നേതാക്കൾ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് വ്യക്തമായി പറഞ്ഞിട്ടും മുല്ലപ്പള്ളിയും പ്രതാപനും എസ്.ഡി.പി.ഐയുടെ പേര് പരാമർശിക്കാതിരുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ സഹായം ലഭിച്ചതിലുള്ള പ്രത്യുപകാരമാണ് ഈ മൗനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നാഗേഷ് ആരോപിച്ചു.