nowshad

ചാവക്കാട്: ചാവക്കാട് പുന്നയിൽ മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ് കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം. കോൺഗ്രസ് ചാവക്കാട് നഗരസഭാ 129-ാം നമ്പർ ബൂത്ത് പ്രസിഡന്റായ പുതുവീട്ടിൽ നൗഷാദാണ് (40) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന നൗഷാദ് ഇന്നലെ രാവിലെയാണ് മരിച്ചത്. പരിക്കേറ്റ കാവീട് സ്വദേശി ബിജേഷ് (40), പാലയൂർ പുതുവീട്ടിൽ നിഷാദ് (28),​ പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവർ അപകടനില തരണം ചെയ്‌തു.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പുന്ന സെന്ററിൽ നിന്നിരുന്ന നൗഷാദുൾപ്പെടെ നാലു പേരെ ഏഴ് ബൈക്കുകളിലെത്തിയ മുഖം മൂടി ധരിച്ച 15 എസ്.ഡി.പി.ഐ പ്രവർത്തകരാണ് വെട്ടിയത്. വാൾ, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇവിടെ വച്ച് എസ്.ഡി.പി.ഐ പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ആരോപിച്ചു. തൃശൂർ സിറ്റി കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നൗഷാദിന്റെ ഭാര്യ: ഫെബിന. മക്കൾ : ദിക്ക്‌റ, നഹ്‌റിൽ, അമൻ സിയാൻ, ഇഷൽ, ഫാത്തിമ. മാതാവ് : സൈനബ.

സംഭവത്തെ തുടർന്ന് ഗുരുവായൂർ നിയോജക മണ്ഡലം പരിധിയിൽ ഇന്നലെ രാവിലെ മുതൽ ഹർത്താൽ പ്രതീതിയായിരുന്നു. എന്നാൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി വ്യക്തമാക്കി.