കുന്നംകുളം: കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ പഴഞ്ഞി എം.ഡി കോളേജ് അടച്ചുപൂട്ടി. ഇന്നലെ കോളേജിന് പൊതു അവധിയായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം സംഘട്ടനത്തിൽ എസ്.എഫ്.ഐയുടെ ഏരിയ കമ്മിറ്റിക്ക് പങ്കുണ്ടെന്ന് ജില്ലാ നേതൃത്വം കണ്ടെത്തി. ഏരിയ കമ്മിറ്റി ഭാരവാഹിയായ സച്ചിൻ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളിയായിരുന്നുവെന്നാണ് നേതൃത്വം കണ്ടെത്തിയത്.

സച്ചിൻ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ ജില്ലാ കമ്മിറ്റി ഭാരവാഹികൾ കുന്നംകുളത്ത് വന്ന് വിദ്യാർത്ഥികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. പൊലീസ് അന്വേഷണത്തിൽ സി.പി.എം ഒരു തരത്തിലും ഇടപെടില്ലെന്ന് ഏരിയ സെക്രട്ടറി എം.എൻ. സത്യൻ പറഞ്ഞു.