maushad

തൃശൂർ: പുന്നയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ ശരീരത്തിലുണ്ടായിരുന്നത് 28 വെട്ടുകൾ. മുഖം മുതൽ കാൽപ്പാദം വരെ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. നൗഷാദിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പുറത്ത് നിന്നുള്ള പ്രൊഫഷണൽ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് മുമ്പും ശേഷവും ആസൂത്രണ ഘട്ടത്തിലും പ്രാദേശിക സഹായം ലഭിച്ചു. ജനവാസ കേന്ദ്രത്തിലെത്തി ആക്രമണം നടത്തുന്നതിന് നൗഷാദിനെക്കുറിച്ചുള്ള പൂർണവിവരം യഥാസമയം ലഭിക്കണം. ഇക്കാര്യത്തിൽ ഇപ്പോൾ നടക്കുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കൊല്ലണമെന്ന ലക്ഷ്യത്തോടെ ശരീരഭാഗങ്ങൾ നോക്കി വെട്ടുന്നതിൽ പരിശീലനം ലഭിച്ചവരാണ് ആക്രമിച്ചത്. കൈകാലുകൾ, തല എന്നിവ ലക്ഷ്യമാക്കിയാണ് വെട്ടിയത്. ബൈക്കിന് പിന്നിലിരുന്ന ഏഴ് പേർ കൈകളിൽ വാളും കോടാലിയും കെട്ടിവച്ചാണ് വെട്ടിയത്. ബൈക്കോടിച്ചവർ ജാഗ്രതയോടെ കാത്തു നിന്നു.

നൗഷാദിനെ ലക്ഷ്യമാക്കിയായിരുന്നു ഏഴ് പേരും പാഞ്ഞടുത്തത്. നൗഷാദിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് വെട്ടേറ്റത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസിന്റെ നീരിക്ഷണത്തിലാണ്. നൗഷാദിന്റെ പേരിൽ 22 ക്രിമിനൽ കേസുകളുണ്ട്.