പുതുക്കാട്: കോർപറേറ്റുകളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ നയമെന്ന് നിർമ്മല സീതാരാമൻ അവതരിച്ച കന്നി ബഡ്ജറ്റിലൂടെ വ്യക്തമായതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസയിൽ സംഘടിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് കോർപറേറ്റുകളെ എൽപ്പിക്കുന്ന സമീപനം കേന്ദ്ര സർക്കാർ കൈക്കൊണ്ടതോടെയാണ് കോർപറേറ്റുകൾക്ക് കൊള്ളയ്ക്ക് അവസരമുണ്ടായത്. ഇതിനെതിരെ ജനങ്ങളുടെ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്. കേന്ദ്ര സർക്കാർ ടോൾ പിരിക്കുന്നതിന് നൽകിയ കാലാവധി പൂർത്തിയാകുമ്പോൾ റോഡ് നിർമ്മാണത്തിന് ചെലവായതിന്റെ നൂറിരട്ടി പണമാണ് കോർപറേറ്റുകൾക്ക് ലഭ്യമാകുക. നിത്യോപയോഗ വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കുകയും, നികുതി പണത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് വിഹിതം ലഭിക്കാതിരിക്കാൻ സെസ് കൂടി എർപ്പെടുത്തുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കാനം കുറ്റപ്പെടുത്തി. എ ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, നേതാക്കളായ സി.എൻ ജയദേവൻ, കെ.പി രാജേന്ദ്രൻ, മഹേഷ്, പി. ബാലചന്ദ്രൻ , കെ. ശ്രീകുമാർ, വി.എസ് പ്രിൻസ്, പി.ജി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് യുവജനങ്ങൾ ആമ്പല്ലൂരിൽ സംഘടിച്ച് പ്രകടനമായാണ് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തിയത്. സുരക്ഷയ്ക്കായി നൂറു കണക്കിന് പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു..