ck
സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവൻ അനുസ്മരണം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ തിരു - കൊച്ചി മുഖ്യമന്ത്രി സി. കേശവൻ അനുസ്മരണം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഷൊർണ്ണൂർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും കോൺഗ്രസിന്റെ വളർച്ചയ്ക്കും വലിയ സേവനം കാഴ്ചവെച്ച വീര പോരാളിയായിരുന്നു സി. കേശവൻ. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും മാർക്‌സും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവെന്നും കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് ആരംഭം കുറിച്ചത് അദ്ദേഹമാണെന്നും സ്വാമി പറഞ്ഞു. പ്രൊഫ. സി.എം. മധു, ഡോ. സുഭാഷിണി മഹാദേവൻ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ 33 വനിതകൾ എഴുതിയ ''സ്ത്രീ ശക്തി ശബ്ദം ലഹരിക്കെതിരെ'' എന്ന ഡോ. ദേവസി പന്തല്ലൂക്കാരൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തിന്റെ പ്രകാശനം പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഷാഹിദ റഹ്മാന് നൽകി നിർവഹിച്ചു. സിസ്റ്റർ ഡോ. റോസ് അനിത പുസ്തകം പരിചയപ്പെടുത്തി. ഡോ. പന്തല്ലൂക്കാരൻ ആമുഖ പ്രഭാഷണം നടത്തി. കെ.ജെ. ജോണി, പി.എം.എം. ഷെറീഫ്, പി.എൽ. ജോസ്, സി.എസ്. പ്രഭുദാസൻ എന്നിവർ നേതൃത്വം നൽകി.