ചാവക്കാട്: പുന്ന നൗഷാദ് നിരവധി വെട്ടുകേസുകളിലും, കൊലക്കേസുകളിലുമായി 22 ഓളം കേസുകളിലെ പ്രതി. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും നൗഷാദിന്റെ പേരുണ്ട്. ആദ്യം സി.പി.എം പ്രവർത്തകനായിരുന്ന ഇയാൾ സി.പി.എം പ്രാദേശിക നേതാക്കളോടുള്ള മുഷിപ്പ് കാരണം പിന്നീട് കോൺഗ്രസിൽ ചേർന്നു. സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന കാലത്തും ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.

ചാവക്കാട് നഗരത്തിൽ നിന്ന് രാത്രി കാലങ്ങളിൽ ഓട്ടോക്കാരെ പുന്നയിലേക്ക് വാടകയ്ക്ക് വിളിച്ചാൽ ആരും വരാത്ത കാലമുണ്ടായിരുന്നു. അത്രയ്ക്കും പേടി സ്വപ്നമായിരുന്നു ഈ പ്രദേശം. പിന്നീട് പതുക്കെ കുറ്റകൃത്യങ്ങളിൽ നിന്നും പിൻവലിയുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പുന്ന റോഡ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ അബ്ദുൾ ഖാദറിനെ ഉന്തിയിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലും പ്രതിയായി. അന്ന് എം.എൽ.എ ചാവക്കാട് പൊലീസ് സ്റ്റേഷനിലും, സി.ഐ ഓഫീസിലും ഉപരോധം നടത്തി. പുന്ന സ്വദേശിയായ മണി ആശാരിയെ അടിച്ചു കൊന്ന കേസിലും പ്രതിയായിരുന്നു. രണ്ടു വർഷം മുമ്പ് എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയിൽ രാത്രി നടന്ന വെട്ടുകേസിൽ ഒന്നാം പ്രതിയായി. ഗൾഫിൽ നിന്നുള്ള കള്ളപ്പണം, കള്ളനോട്ട് കേസുകളിലും പ്രതിയായി. ഏഴ് വയസുള്ള മകനോടൊപ്പം പുന്ന സെന്ററിലെത്തിയ പുന്ന സ്വദേശി നസീബിന് നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നസീബിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുന്ന നൗഷാദിന്റെ സംഘമാണ് ആക്രമണം നടത്തിയതെന്ന് അന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കി നൗഷാദ് പോയെന്ന് നസീബ് അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് നൗഷാദിന് നേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് നിഗമനം.