തൃശൂർ: അദ്ധ്യാപന രീതികൾ മാറേണ്ട കാലമാണിതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പി. ചിത്രൻ നമ്പൂതിരിപ്പാട് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള മഹാത്മജി സാംസ്‌കാരിക വേദി അദ്ധ്യാപക ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടെ സഹായത്തിൽ എല്ലാ വിവരങ്ങളും വിരൽത്തുമ്പിലെത്തുന്ന കാലമാണിത്. വിദ്യാഭ്യാസത്തിനായി സ്‌കൂളിലോ കോളേജിലോ പോകേണ്ട ആവശ്യമില്ലാത്ത കാലമാണിന്ന്. പരമ്പരാഗത പാഠ്യപദ്ധതികൾ പഠിപ്പിക്കുന്നതിന് പകരം സമൂഹത്തിലേക്ക് കണ്ണുതുറപ്പിക്കുന്നവരാവണം അദ്ധ്യാപകർ. ജനാധിപത്യത്തിന്റെ ആസ്വാദനം നടക്കണമെങ്കിൽ സിവിൽ സർവീസിന്റെ ശക്തിയാണ് വേണ്ടത്. ധാർമികതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും സ്വാംശീകരണം ജീവിതത്തിൽ പകർത്തിയ വ്യക്തിയാണ് പി. ചിത്രൻ നമ്പൂതിരിപ്പാടെന്നും സ്പീക്കർ പറഞ്ഞു. ചിത്രൻ നമ്പൂതിരിപ്പാടിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വി.എം സുധീരനും പൊന്നാടയണിയിച്ചു. അദ്ധ്യാപക ശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായ അടാട്ട് വാസുദേവന് ചിത്രൻ നമ്പൂതിരിപ്പാട് പുരസ്‌കാരം സമ്മാനിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.