പഴയന്നൂർ: പഞ്ചായത്തിന്റെ 2017- 18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഴയന്നൂർ തിരുവില്വാമല റോഡിൽ നിർമ്മിച്ച നടപ്പാതയുടെ കൈവരി തകർത്തനിലയിൽ. സ്വകാര്യ വ്യക്തിയുടെ സഞ്ചാര സൗകര്യത്തിന് വേണ്ടി 18 കൈവരികളാണ് തകർത്തത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ അറിയിച്ചു.
നടപ്പാത നിർമ്മാണം തന്റെ സ്ഥലത്ത് കൂടെയാണെന്ന് കാണിച്ച് വടക്കേത്തറ കൊട്ടാരശ്ശേരി അന്നത്ത് ബീവി രംഗത്തെത്തിയിരുന്നു. ജില്ലാ കളക്ടർ, ജീല്ലാ പൊലീസ് മേധാവി, പഞ്ചായത്ത് എന്നിവരെ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജിയും നൽകി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പഞ്ചായത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
അതേത്തുടർന്ന് നടപ്പാതയുടെയും, കാനയുടെയും നിർമ്മാണം ഒരു വർഷം മുമ്പ് പൂർത്തീകരിച്ചു. നടപ്പാതയുടെ ഒരു വശം താഴ്ചയായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് താഴെ വീണ് അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ജനാഭിപ്രായം കണക്കിലെത്തുത്ത് നടപ്പാതയ്ക്ക് 2 ഭാഗത്തും കൈവരി പണിയുന്നതിന് പദ്ധതി ആവിഷ്‌കരിച്ച് അംഗീകാരം വാങ്ങി ജൂലായ് 29ന് പണി തുടങ്ങി.
എന്നാൽ കൈവരി പണിയുന്ന സമയത്ത് അന്നത്ത് ബീവിയുടെ നേതൃത്വത്തിൽ കൈവരി പണിയുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും കൈവരിയുടെ ഒരു വശം നിർമ്മാണം പൂർത്തീകരിച്ചു. ഇതാണ് ബുധനാഴ്ച രാവിലെ പൊളിച്ചുമാറ്റിയത്. ഭരണസമിതി നൽകിയ പരാതിയെത്തുടർന്ന് പഴയന്നൂർ പൊലീസ് കേസെടുത്തു. പൊളിച്ച് മാറ്റിയ ഭാഗത്ത് സി.പി.ഐയുടെ കൊടി നാട്ടിയിട്ടുമുണ്ട്.
പൊതുമുതൽ നശിപ്പിക്കുന്നതും ഭരണസമിതിയെ ഭീഷണിപ്പെടുത്തുന്നതും വികസനത്തെ പിറകോട്ടടിക്കുന്നതുമായ ഒരു പ്രവൃത്തിയും അംഗീകരിക്കാൻ കഴിയുന്നതല്ല.
ശോഭനാ രാജൻ, പഞ്ചായത്ത് പ്രസിഡന്റ്