പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിന്റെ കീഴിലുള്ള രണ്ടു സ്‌കൂളുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രഭാത ഭക്ഷണ വിതരണം ഇന്നു മുതൽ ആരംഭിക്കുന്നു. കുണ്ടഴിയൂർ ജി.എം.യു.പിയിലും കണ്ണോത്ത് ജി.എം.എൽ.പി സ്‌കൂളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിന്റെ 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.99 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ദിവസങ്ങളിൽ പുട്ടും കടല, ഇടിയപ്പം, ഇഡ്ഡലി എന്നിവയാണ് നൽകുന്നത്. പാടൂർ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിനാണ് പ്രഭാത ഭക്ഷണ വിതരണ ചുമതല. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുണ്ടഴിയൂർ ഗവ. എം.യു.പി സ്‌കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ. നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി അദ്ധ്യക്ഷനാകും.