വടക്കാഞ്ചേരി: കാഞ്ഞിരക്കോട് പള്ളി മണ്ണ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. ചൂണ്ടൽ കാഞ്ഞിരക്കോട്ട് ഇല്ലത്ത് പരമേശ്വരൻ ഇളയത് മുഖ്യകാർമ്മികത്വം നൽകി. തില ഹോമത്തിന് ക്ഷേത്രം മേൽശാന്തി പ്രസനൻ തിരുമേനി കാർമികത്വം വഹിച്ചു. ഉത്രാളിക്കാവ് ദേവസ്വം ഓഫീസർ വി. മുരളി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് പള്ളി മണ്ണ, മാതൃസമിതി പ്രസിഡന്റ് ചന്ദ്രിക കാഞ്ഞിരക്കോട്, ഗിരിജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
എന്നാൽ തർപ്പണ ചടങ്ങുകൾക്ക് ചീട്ടാക്കേണ്ട ഉദ്യോഗസ്ഥർ വൈകിയെത്തിയത് തർപ്പണ ചടങ്ങുകൾക്കെത്തിയ ഭക്തതരിൽ വൻ പ്രതിഷേധമുണ്ടാക്കി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ചടങ്ങിനെത്തിയവർക്ക് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു.
വെളപ്പായ മഹാദേവ ക്ഷേത്രം, എസ്.എൻ.ഡി.പി നേതൃത്വത്തിലുള്ള പാർളിക്കാട് ബാല സുബ്രഹ്മണ്യ ക്ഷേത്രം, മുണ്ടത്തിക്കോട് ശിവപാർവതി മല എന്നിവിടങ്ങളിലും നിരവധി പേർ തർപ്പണത്തിനെത്തിയിരുന്നു.
ചെറുതുരുത്തി: നിളാതീരത്ത് ഇരുകരകളിലും ഭക്തതർക്ക് ബലി കർമ്മങ്ങൾക്കുള്ള സൗകര്യമൊരുക്കിയിരുന്നു. പാങ്ങാവ് ശിവക്ഷേത്ര കടവിൽ പുലർച്ചെ മുതൽക്കു തന്നെ ചടങ്ങുകളാരംഭിച്ചു. മുരുകൻ ശാന്തി, ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം മേൽശാന്തി ഉണ്ണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടന്ന മഹാ തില ഹോമത്തിനും സായൂജ്യ ഹോമത്തിനും ഗോദ ശർമ്മൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
പൈങ്കുളം തിരുവഞ്ചി കുഴി കടവിലും പുതുശ്ശേരി മിത്രാനന്ദപുരം കടവിലും തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്ര കടവിലും ആയിരങ്ങൾ തർപ്പണത്തിനെത്തിയിരുന്നു. പലയിടത്തും പുലർച്ചെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടു.