ചിറയിൻകീഴ്: മുതലപ്പൊഴിയുടെ സമീപ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന തീരദേശവാസികളുടെ ആവശ്യം വീണ്ടും ശക്തി പ്രാപിക്കുന്നു. ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ തീരദേശവാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജാതി - മത - രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഈ ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ മൂന്ന് പ്രാദേശിക ഭരണകൂടങ്ങളാൽ വിഭജിച്ച് ഭരിക്കപ്പെടുകയാണ് ഈ പ്രദേശം. ഇത് വികസനപ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന് നാട്ടുകാർ പറയുന്നു. പെരുമാതുറ - താഴംപളളി പാലം യാഥാർത്ഥ്യമായതോടെ പെരുമാതുറ വലിയ വികസന സാദ്ധ്യതയുളള മേഖലയായി മാറിയിട്ടുണ്ട്. മുതലപ്പൊഴിയിലെ ഹാർബർ നിർമ്മാണത്തോടെ പെരുമാതുറ ഭാഗത്ത് കടൽ തീരം വർദ്ധിച്ചത് ഇവിടം സഞ്ചാരികളുടെ ഇഷ്ട സങ്കേതമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പുതിയ പഞ്ചായത്തുകൾ അനുവദിച്ചതിൽ പെരുമാതുറ പഞ്ചായത്തും ഉൾപ്പെട്ടിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാതെ സർക്കാർ പുറത്തിറക്കിയ പുതിയ പഞ്ചായത്ത് രൂപീകരണ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കയർ - മത്സ്യബന്ധന മേഖലകൾക്ക് പുറമേ കായലോര - കടലോര - തീരദേശ സാഹസിക ടൂറിസത്തിനും ഏറെ സാദ്ധ്യതയുള്ള സംസ്ഥാനത്തെ അപൂർവം പഞ്ചായത്തുകളിലൊന്നാകാനും പെരുമാതുറ പഞ്ചായത്ത് രൂപീകരിച്ചാൽ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.