red-75

''എന്താടോ താൻ മിണ്ടാത്തത്?"

മറുതലയ്ക്കൽ നിന്നു വീണ്ടും ശ്രീനിവാസ കിടാവിന്റെ ശബ്ദം കേട്ടു.

''ഞാൻ വൈദ്യരോട് അന്വേഷിച്ചു പറയാം സാർ..."

തങ്കപ്പൻ വിക്കി.

''പറഞ്ഞിരിക്കണം."

കാൾ കട്ടായി.

എന്തുവേണമെന്ന് തങ്കപ്പന് പിടികിട്ടിയില്ല. സ്വന്തം വീട്ടിലേക്കു കൊണ്ടുപോയാലും സി.ഐ അലിയാർ സുരക്ഷിതനല്ല എന്നൊരു തോന്നൽ അയാൾക്കുണ്ടായി...

*** ** ******

ഹൈക്കോടതി വിധി ആഹ്ളാദത്തോടെയാണ് അനന്തഭദ്രനും ബലഭദ്രനും ശ്രവിച്ചത്.

അഡ്വക്കേറ്റ് നാരായണൻ തമ്പി അവരെ വിളിച്ച് കാര്യം പറയുകയായിരുന്നു.

''എം.എൽ.എ കിടാവിന്റെ അനുജൻ നിർമ്മിച്ചിരിക്കുന്ന എല്ലാ തടയണകളും പൊളിച്ചുമാറ്റി നീരൊഴുക്ക് പഴയപടി ആക്കിത്തീർക്കണം. ഒരാഴ്ചയ്ക്കുള്ളിൽ. എന്നിട്ട് വിവരം കോടതിയെ ബോദ്ധ്യപ്പെടുത്തണം. അതിനായി കളക്ടർക്കും ചില നിർദ്ദേശങ്ങൾ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടറുടെ മേൽനോട്ടത്തിൽ വേണം തടയണകൾ പൊളിച്ചുമാറ്റാൻ."

നാരായണൻ തമ്പിയുടെ വാക്കുകൾ കേട്ടശേഷം അനന്തഭദ്രൻ, ബലഭദ്രനെ നോക്കി.

''നമ്മുടെ ആദ്യത്തെ നീക്കം ഫലം കണ്ടിരിക്കുന്നു... ഇത്തവണ തടയണകൾ പൊളിക്കാതെ രക്ഷയില്ല കിടാവിന്."

''ഇപ്പോഴത്തെ ഈ നീക്കത്തിനു പിന്നിൽ നമ്മളാണെന്ന് അയാൾ അറിഞ്ഞിരിക്കും."

ബലഭദ്രൻ ചിരിച്ചു.

''അറിയണമല്ലോ... ശരിക്കറിയണം. രാഷ്ട്രീയം ബിസിനസ്സാക്കിയ കിടാവിനെപ്പോലെയുള്ള ബാസ്റ്റാർഡ്സ് കരുതുന്നത് ഭൂമിയുടെ ചലനം പോലും സ്വന്തം കാലുകൾ കൊണ്ടാണു നിയന്ത്രിക്കുന്നത് എന്നല്ലേ?"

ആ നേരത്ത് കിടാവ് വാർത്ത അറിഞ്ഞിരുന്നു.

അല്പനേരത്തേക്ക് അയാൾ ഒന്നും മിണ്ടിയില്ല.

നിലമ്പൂരെ തന്റെ പാർട്ടി ഓഫീസിലായിരുന്നു കിടാവ്.

അനുജൻ ശേഖര കിടാവും ഏതാനും പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നു അവിടെ.

''ഇനി എന്തുചെയ്യും?" ശേഖരകിടാവ് ജ്യേഷ്ഠനെ നോക്കി. ''സുപ്രീംകോടതിയിൽ പോയാലോ?"

ശ്രീനിവാസ കിടാവ് നിഷേധഭാവത്തിൽ തലയാട്ടി.

''കസ്തൂരി രംഗൻ റിപ്പോർട്ട്, ദുർബല ഭൂപ്രദേശം എന്നൊക്കെ പറഞ്ഞ് കോടതി കേസു തള്ളും. തടയണകൾ പൊളിക്കാം എന്നു വയ്ക്കാം. എന്നാൽ ഇന്നത്തെ ചാനലുകളിലെ അന്തിച്ചർച്ച ഇതായിരിക്കുമല്ലോ... അതാണ് സഹിക്കാൻ പറ്റാത്തത്."

''ഞങ്ങളൊന്ന് സമരത്തിനിറങ്ങിയാലോ സാർ?" പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് തിരക്കി.

''കാര്യമില്ല... കൂടുതൽ നാറാം എന്നല്ലാതെ."

കിടാവ് കണ്ണടച്ച് ചെന്നിയിൽ വിരലുകൾ അമർത്തി ചിന്തിച്ചിരുന്നു.

ശേഖര കിടാവിന്റെ പല്ലുകൾ ഞെരിഞ്ഞമരുകയാണ്.

''എന്നാലും അയാൾ... അഡ്വക്കേറ്റ് നാരായണൻ തമ്പി. അവൻ ആ തമ്പുരാക്കന്മാരുടെ വാക്കും കേട്ട് നമുക്കെതിരെ ഇറങ്ങിത്തിരിച്ചില്ലേ? അവനു കൊടുക്കണം ഒരു പണി."

''അത് നമ്മൾ കൊടുത്തിരിക്കും."

ശ്രീനിവാസ കിടാവിനും അക്കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമില്ല.

പെട്ടെന്ന് പാർട്ടി ഓഫീസിനു മുന്നിൽ ഒരു ഇന്നോവ കാർ വന്നുനിന്നു. പോലീസിന്റെ...

അതിൽ നിന്നു നാലുപേർ ഇറങ്ങി.

അവർ ഓഫീസിലേക്കു കയറിവന്നു.

ശ്രീനിവാസ കിടാവും ശേഖര കിടാവും ഒഴികെയുള്ളവർ എഴുന്നേറ്റു.

കിടാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരെ സൂക്ഷിച്ചു നോക്കി.

മുൻപരിചയം ഉള്ളവരല്ല.

''മ്?" എം.എൽ.എ തിരക്കി. എന്തുവേണം?"

ഒരാൾ മറുപടി നൽകി.

''സാർ. ഇവർ ഡെൽഹി പോലീസിൽ നിന്നു വരുന്നു."

അയാൾ രണ്ടുപേർക്കു നേരെ ആംഗ്യം കാട്ടി.

''സാറിന്റെ മകൻ സുരേഷ് കിടാവിന്റെ പേരിൽ ഡെൽഹി പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു."

''മനസ്സിലായില്ല." കിടാവിന്റെ നെറ്റിചുളിഞ്ഞു. ''നിങ്ങളിരിക്ക്."

നാലുപേരും, എം.എൽ.എയുടെ മേശയ്ക്കു മുന്നിലെ കസേരകളിൽ ഇരുന്നു.

ശ്രീനിവാസ കിടാവ്, പാർട്ടി പ്രവർത്തകരോട് പുറത്തു പോകുവാൻ സംജ്ഞ നൽകി. അവർ പോയി.

കേരളാ പോലീസിൽ ഉള്ള ആൾ വിശദീകരിച്ചു:

''സുരേഷ് കിടാവ് വിവാഹ വാഗ്ദാനം നൽകി ഒരു യുവതിയെ പത്തുവർഷമായി പീഡിപ്പിക്കുന്നെന്ന്. അയാളുടെ രണ്ട് മക്കൾ അവക്കുണ്ടെന്ന്."

''നോ..." തലയിൽ തീഗോളം പതിച്ചതുപോലെ കിടുങ്ങിപ്പോയി കിടാക്കന്മാർ.

മറുപടി പറഞ്ഞത് ശേഖര കിടാവാണ്:

''അതിന് കഴിഞ്ഞ അഞ്ചുവർഷം മുൻപു വരെ സുരേഷ് ഗൾഫിലായിരുന്നല്ലോ..."

''അതെ. അപ്പോഴായിരുന്നു തുടക്കം. അവിടെ ദുബായിലെ, ഖുഡൈസിലെ സുരേഷിന്റെ ഡാൻസ് ബാറിൽ എത്തിയതാണ് ഡെൽഹി സ്വദേശിയായ യുവതി. അവർ തമ്മിലുള്ള ബന്ധം അവിടെ തുടങ്ങിയെന്നും ശേഷം സുരേഷിന്റെ ഒപ്പം തന്നെ ഇന്ത്യയിലേക്കു മടങ്ങിയെന്നുമാണ് പരാതിയിൽ. കഴിഞ്ഞ രണ്ടുവർഷങ്ങളായി അവൾക്കും കുട്ടികൾക്കും സുരേഷ് ചിലവിനു കൊടുക്കുന്നുമില്ല. പത്തുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്."

കിടാവിനു തല പെരുക്കുന്നതായും കണ്ണിൽ ഇരുൾ പരക്കുന്നതായും തോന്നി....

(തുടരും)