മൂത്രത്തിൽ ചുവന്ന രക്താണുക്കൾ (ആർ.ബി.സി) 3ലധികം മൈക്രോസ്കോപിൽ കാണുകയാണെങ്കിൽ അത് തീർച്ചയായും കൂടുതൽ പരിശോധന അർഹിക്കുന്നു. ദീർഘമായ രോഗചരിത്രം, വിശദമായ പരിശോധന, ലബോറട്ടറി പരിശോധന മുതലായവ അത്യാവശ്യമായി ചെയ്തിരിക്കണം. മൂത്രരോഗാണുബാധ, ആർത്തവം, കഠിന വ്യായാമം, വൈറൽ പനി, വൃക്ക അസുഖങ്ങൾ, അപകടം മൂലമുള്ള ക്ഷതം, യൂറോളജിക്കൽ ശസ്ത്രക്രിയകൾ മുതലായവ മൂലം മൂത്രത്തിൽ രക്തം പ്രകടമാവാം.
ആദ്യ പരിശോധനയിൽ വൃക്കയുടെ പ്രവർത്തനം മനസിലാക്കണം. യൂറിയ, ക്രിയേറ്റിനിൻ, CGRF മുതലായ പരിശോധനകൾ വൃക്കയുടെ പ്രവർത്തനത്തിന്റെ ചൂണ്ടുപലകയാണ്. ഡിസ്‌കോർഫിക്ക് RBC, മൂത്രത്തിൽ പ്രോട്ടീൻ, കാസ്റ്റ് മുതലായവ മെഡിക്കൽ വൃക്ക അസുഖങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും. ആന്റി കൊയാഗുലന്റ് മരുന്നുകൾ കഴിക്കുന്ന രോഗികളിൽ മൂത്രത്തിൽ രക്തം കാണുകയാണെങ്കിൽ വിശദമായ പരിശോധന വേണം. മൂത്രത്തിൽ രക്തം കാണുന്ന രോഗികൾ 35 വയസിന് മുകളിൽ ഉള്ളവർക്ക് സിസ്‌റ്റോസ്കോപി പരിശോധന തീർച്ചയായും ചെയ്യണം. പുകവലിക്കുന്നവർ, കെമിക്കൽ വ്യവസായവുമായി ബന്ധപ്പെട്ടവർ, മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട രോഗലക്ഷണമുള്ളവർ മുതലായവർക്ക് മൂത്രവ്യവസ്ഥയിലെ കാൻസറുകൾക്കുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാർക്ക് സിസ്റ്റോസ്കോപി പരിശോധന തീർച്ചയായും വേണ്ടിവരും.
മൂത്രത്തിൽ രക്തം കാണുന്ന രോഗികൾക്ക് റേഡിയോളജി പരിശോധനകൾ ആവശ്യമാണ്. മൾട്ടി ഫേസിക് സിടി സ്കാൻ അത്യാവശ്യമായി ചെയ്തിരിക്കണം. വൃക്ക പരാജയം, അലർജിയുള്ളവർ, ഗർഭിണികൾ മുതലായവരിൽ സിടി സ്കാൻ പരിശോധന പാടുള്ളതല്ല. ഇത്തരക്കാർക്ക് എം.ആർ.ഐ പരിശോധനയാണ് അഭികാമ്യം.
വൃക്കപരാജയം, അലർജി മുതലായ സാഹചര്യങ്ങളിൽ വൃക്കയുടെ വിശദമായ ഘടനാപരമായ കാര്യങ്ങൾ അറിയാൻ ആർ.ജി.പി എന്ന പരിശോധന സഹായിക്കും. ശരീരത്തിനകത്ത് മെറ്റൽ ഇംപ്ളാന്റുകൾ ഉള്ള രോഗികൾക്ക് എം.ആർ.ഐ പരിശോധന ചെയ്യാൻ സാദ്ധ്യമല്ല. ഇത്തരക്കാർക്കും ആർ.ജി.പി പരിശോധന വൃക്കയുടെ വിശദമായ കാര്യങ്ങൾ അറിയാൻ സഹായിക്കും.
പുകവലിക്കുന്നവർ, കെമിക്കൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ടവർ മുതലായവർക്ക് മൂത്രത്തിൽ രക്തം കാണുകയാണെങ്കിൽ മൂത്രത്തിന്റെ സൈറ്റോളജി പരിശോധന വേണ്ടിവരും.
മൂത്രത്തിൽ രക്തം കാണുന്ന രോഗികൾക്ക് എല്ലാ പരിശോധനകളും നെഗറ്റീവ് ആണെങ്കിൽ വർഷത്തിൽ ഒരിക്കൽ വിശദമായ മൂത്രപരിശോധന നടത്തേണ്ടതാണ്. ഇത്തരം രോഗികൾക്ക് വിശദമായ യൂറോളജി പരിശോധനകൾ (റേഡിയോളജി) മൂന്നു വർഷത്തിലൊരിക്കൽ നടത്തണം.