sslc

തിരുവനന്തപുരം: പ്രിന്റിംഗ് തകരാറിനെ തുടർന്ന് തിരിച്ചെത്തിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാഭവനിൽ കൂട്ടിയിട്ട് കത്തിക്കുന്നു. ഇതുമൂലം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞകൊല്ലം വിതരണം ചെയ്ത സർട്ടിഫിക്കറ്റിലാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്. ഇത് ഒരുലക്ഷത്തോളം വരുമെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, രണ്ടര ലക്ഷം സർട്ടിഫിക്കറ്റുകളെങ്കിലും വരുമെന്നാണ് പരീക്ഷാഭവനിലെ ജീവനക്കാർ സൂചന നൽകുന്നത്. അഞ്ചരലക്ഷം വിദ്യാർത്ഥികളാണ് 2018 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

ഒരു സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതിന് നാലര രൂപയാണ് ചെലവ്. ഇവ വിതരണം ചെയ്തശേഷമാണ് പിഴവുകൾ ശ്രദ്ധയിൽപ്പെട്ടത്. വടക്കൻ ജില്ലകളിൽ വിതരണം ചെയ്തവയിലാണ് പിഴവുകൾ ഏറെയും. തുടർന്ന് ഇവ പരീക്ഷാഭവനിൽ തിരിച്ചെത്തിച്ച് പകരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യേണ്ടിവന്നു. കൂട്ടത്തോടെ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളയേണ്ടി വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. കൂടാതെ പുതിയവ പ്രിന്റ് ചെയ്യാനുള്ള ചെലവ് വേറെയും. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്രയധികം സർട്ടിഫിക്കറ്റിൽ പിഴവുകൾ കടന്നുകൂടാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. എന്നാൽ, ഇതേക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും സൂചനയുണ്ട്.

sslc
SSLC

സെക്യൂരിറ്റി പ്രസിൽ നിന്ന് കാർഡ് വാങ്ങി പരീക്ഷാഭവനിലെ പ്രത്യേക പ്രസിലാണ് സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗ് പിഴവുമൂലം കാ‌ർഡിൽ നിന്ന് മഷി ഇളകി പോകുന്നതായിരുന്നു പ്രശ്നം. അതിനാൽ വിദ്യാർത്ഥികളുടെ പേരും വിലാസവും മാർക്കും ഉൾപ്പെടെയുളള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ വ്യക്തമാകാതെ വരികയോ ഇളകി പോവുകയോ ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ടോണർ പ്രിന്റിംഗിന് ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇത് പരിശോധിക്കാനുള്ള സംവിധാനം പരീക്ഷാഭവനിലില്ല.

സർട്ടിഫിക്കറ്റിൽ നിന്ന് മാർക്കുൾപ്പെടെയുളള വിവരങ്ങൾ അപ്രത്യക്ഷമായതോടെ വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി പരീക്ഷാഭവനെ സമീപിച്ചു. തുടർന്ന് ജില്ലാ വിദ്യാഭ്യാസ മേധാവികൾ തകരാറുള്ള സർട്ടിഫിക്കറ്റുകൾ അതാത് സ്കൂളുകളിൽ നിന്ന് തിരികെ വാങ്ങി. പകരം പുതിയ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത് നൽകുകയായിരുന്നു.

ഇത്തരത്തിൽ തിരികെയെത്തിയ സർട്ടിഫിക്കറ്റുകളാണ് പരീക്ഷാ ഭവന്റെ പിൻവശത്ത് ചപ്പുചവറുകൾ കത്തിക്കാൻ കെട്ടിയ കോൺക്രീറ്റ് ഉറകൾക്കുള്ളിൽ കെട്ടുകളായി കൂട്ടിയിട്ട് കത്തിക്കുന്നത്. ചില വിദ്യാർത്ഥികൾക്ക് ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് കിട്ടാനായി 350 രൂപ ഫീസ് ഒടുക്കേണ്ടിവരികയും ചെയ്തു. പ്രിന്റിംഗ് സമയത്തുതന്നെ മഷി മാഞ്ഞുപോകുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും യഥാസമയം പരിഹാര നടപടികൾ സ്വീകരിക്കാത്തതാണ് ഇത്രയധികം സർട്ടിഫിക്കറ്റുകളിൽ പിഴവ് വന്നത്.

അതേസമയം, ഗുണനിലവാരമില്ലാത്ത ടോണർ വിതരണം ചെയ്തതിന് കരിമ്പട്ടികയിലായ അതേ കമ്പനിയാണ് ഇപ്പോഴും അത് നൽകുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പ്രിന്റിംഗ് തകരാറാണ് കഴിഞ്ഞ വർഷം പിഴവുകൾക്ക് കാരണമായതെങ്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലെ പിഴവുകൾ ഇത്തവണയും സർട്ടിഫിക്കറ്റിൽ അക്ഷര പിശകുകൾക്ക് കാരണമായതായി സൂചനയുണ്ട്. മലയാളത്തിലും ഇംഗ്ളീഷിലും വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്തതിലുണ്ടായ സാങ്കേതിക തകരാറാണ് ചില അക്ഷരങ്ങൾ തെറ്റായി രേഖപ്പെടുത്താൻ കാരണമായതത്രേ. ജോയിന്റ് കമ്മിഷണർ, പരീക്ഷാ സെക്രട്ടറി, പ്രിന്റിംഗ് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ചുമതലയുള്ള സിസ്റ്റം മാനേജർ എന്നിവർക്കാണ് സർട്ടിഫിക്കറ്റ് അച്ചടിയുടെ ഉത്തരവാദിത്തം. സിസ്റ്റം മാനേജർ പദവിയിൽ സ്ഥിരം തസ്തികയില്ലാത്തതിനാൽ ഡെപ്യൂട്ടേഷൻ നിയമനമാണുള്ളത്.

''

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വിതരണം ചെയ്ത ഒരു ലക്ഷത്തോളം സർട്ടിഫിക്കറ്റുകളാണ് പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചെത്തിയത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളായതിനാൽ ഇവ ലേലം ചെയ്യാൻ കഴിയില്ല. പിശക് പറ്രിയ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ച് കളയാനേ കഴിയൂ. പരീക്ഷാഭവന് പുറത്തേക്ക് പോകാതെ നശിപ്പിച്ച് കളയാനാണ് സർക്കാർ നിർദേശപ്രകാരം കത്തിച്ച് കളയുന്നത്. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ ഇത്തവണ പിശകുണ്ടായതിനെപ്പറ്റി അറിയില്ല. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്നതിനിടെ എന്തെങ്കിലും വിധത്തിലുള്ള പിശകുകളുണ്ടായാൽ അത് പരിഹരിച്ച് പിഴവുകളില്ലാത്ത സർട്ടിഫിക്കറ്റുകളാകും വിതരണത്തിനെത്തിക്കുക.

പരീക്ഷാ സെക്രട്ടറി. പരീക്ഷാഭവൻ