ഇന്ന് ഡോക്ടേഴ്സ് ദിനം. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഇന്ത്യയിലെ പ്രമുഖ ഡോക്ടറും ഭാരത രത്ന ജേതാവുമായ ഡോ. ബി.സി.റോയിയുടെ സ്മരണാർത്ഥമാണ് ഇന്ത്യയിൽ ഈ ദിനം ആചരിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച എല്ലാവരേയും ഇന്ന് നമ്മുടെ നാട് ഓർമ്മിക്കും. 1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്ത മെഡിക്കൽ കോളേജിലും പിന്നീട് കാംബെൽ മെഡിക്കൽ കോളേജിലും അദ്ധ്യാപകനായി. ആതുര രംഗത്ത് മികച്ച സേവനം നൽകിയ അദ്ദേഹത്തെ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. 1962ൽ തന്റെ 80-ാം പിറന്നാൾ ദിനത്തിന്റെ അന്നാണ് ഡോ. റോയി മരണമടഞ്ഞത്. ആ ദിവസം നമ്മൾ ഭാരതത്തിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. 1976 മുതൽ ഡോ. ബി.സി. റോയിയുടെ പേരിൽ ദേശീയ പുരസ്കാരവും നൽകുന്നുണ്ട്.
1842 മാർച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോർഡ് ഡബ്ളിയു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്റെ ഓർമ്മയ്ക്കായി മാർച്ച് 30 ആണ് ലോകം ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. നാം ദൈവതുല്യരായി കാണുന്ന, ദിവസത്തിന്റെ സിംഹഭാഗവും രോഗികൾക്കായി ചെലവഴിക്കുന്നവരാണ് ഡോക്ടർമാർ. രോഗികളെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഇവർക്ക് മനഃപാഠമായിരിക്കും. എന്നിരുന്നാലും ഉണ്ടാകുന്ന ഒരു ചെറിയ പിഴവ് വിമർശനത്തിന് ഇടയാക്കുന്നു. ആ സമയം ഇവർ ചെയ്തിട്ടുള്ള സേവനങ്ങളെല്ലാം പലപ്പോഴും പലരും മറക്കുന്നു. അത് ശരിയാണോ എന്ന് ചിന്തിക്കാനായി ഉതകട്ടെ ഇന്നത്തെ ഈ ദിനം.