താരപുത്രി എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നുവന്ന താരമാണ് സോനം കപൂർ. ശക്തമായ നിലപാടുകൾ കൊണ്ട് സോനം പലപ്പോഴും ബോളിവുഡിന്റെ ചർച്ചാ വിഷയമായി മാറാറുണ്ട്.താരത്തിന്റെ ഫാഷൻ സെൻസിനെ ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടാറുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധാലുവായ താരം ഇൻസ്റ്റാഗ്രാമിലൂടെ തന്നോടു ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആരാധകർക്കായി ഒരുക്കിയിരുന്നു. അതിലുയർന്ന ഒരു ചോദ്യമായിരുന്നു താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന്.
പലപ്പോഴും മാസികകളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടെങ്കിലും സോനത്തിന്റെ നേരിട്ടുള്ള മറുപടി ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇതു തെറ്റിക്കാതെ തന്റെ സൗന്ദര്യ രഹസ്യം താരം വെളിപ്പെടുത്തി. വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് കളഞ്ഞ് മുഖം വൃത്തിയാക്കൽ, നല്ല ഉറക്കം ഇവയാണ് തന്നെ സുന്ദരിയാക്കുന്നത് എന്നാണ് താരം പറഞ്ഞത്. സോനം പരിശീലിക്കുന്ന വ്യായാമ മുറകളും ഡയറ്റും മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം പരിശീലക സറിൻ വാട്ട്സണൊപ്പം ജിമ്മിൽ എത്തും. രാവിലെ ഓട്ട്മീലും പഴങ്ങളുമാണ് കഴിക്കുക.
വ്യായാമം കഴിഞ്ഞാൽ ബ്രെഡും മുട്ടയുടെ വെള്ളയുമാണ് പതിവ്. ഇതോടൊപ്പം പ്രോട്ടീൻ ഷെയ്ക്കോ ജ്യൂസോ ഉണ്ടാവും. ജലാംശം നിലനിർത്താൻ കരിക്കിൻ വെള്ളം ധാരാളമായി കഴിക്കാറുണ്ട്. ഇതോടൊപ്പം ശരിയായ ചിന്ത, നല്ല ഭക്ഷണം, സന്തോഷം ഇതാണ് സൗന്ദര്യ രഹസ്യമെന്ന് താരസുന്ദരി മുൻപും പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും ശക്തമാണെന്ന് താരം പറയുന്നു. എന്തായാലും സൗന്ദര്യ രഹസ്യം തുറന്നു പറയാൻ തയാറായ താരത്തിന് അഭിനന്ദനവും ലഭിക്കുന്നുണ്ട്.