editors-pick

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ജൂൺ 20ന് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനം ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. രാഷ്ട്രപതി ശ്രീനാരായണഗുരുദേവനെ വിശേഷിപ്പിച്ചത് 'ആദ്ധ്യാത്മ വിഭൂതി" എന്നാണ്.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്."

എന്നത് മഹാമന്ത്രമാണ്. ശ്രീനാരായണ ഗുരുദേവന്റെ ഇൗ ആശയം ഇന്ത്യൻ രാഷ്ട്രപതി ഭാരതത്തോട് സംവദിച്ചപ്പോൾ അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മാദ്ധ്യമങ്ങൾ തയാറായില്ല. കേരളത്തിൽ നിന്ന് എത്രയോ എം.പിമാരും മന്ത്രിമാരും ഇത്രയും നാൾ ഇന്ത്യൻ പാർലമെന്റിൽ പോയി. കേരളത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച ശ്രീനാരായണഗുരുദേവനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലായിരുന്നു. ഗുരുവിന്റെ സമാധിദിനം ദേശീയതലത്തിൽ അവധി പ്രഖ്യാപിക്കണമെന്ന് ഒരു മുൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അതിന് ലഭിച്ച ഉത്തരം ഗുരുഭക്തരുടെ ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു .

ഭാരതത്തിലെ ഒാരോ സംസ്ഥാനത്തിലെയും ഭരണാധികാരികൾക്കുള്ള ഭരണമന്ത്രമാണ് കേരളത്തിന്റെ ആദ്ധ്യാത്മ വിഭൂതി ശ്രീനാരായണ ഗുരുദേവൻ നൽകിയതെന്ന് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഒാർമ്മപ്പെടുത്തുന്നു. മനുഷ്യനും രാഷ്ട്രത്തിനുമുള്ള കുറവുകൾ എങ്ങനെ പരിഹരിക്കണമെന്ന് ശ്രീനാരായണ ദർശനത്തിലുണ്ടെന്ന് രാഷ്ട്രം തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷേ, കേരളത്തിലെ പലരും തിരിച്ചറിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മിൽ ഭയവും ഉത്കണ്ഠയും ഉളവാക്കുന്നു. ജാതിയുടെയും മതത്തിന്റെയും നൂലാമാലകളിൽ ജനങ്ങളെ തളച്ചിടുന്ന രീതി മതനേതാക്കളും രാഷ്ട്രീയക്കാരും മാറ്റേണ്ടിയിരിക്കുന്നു. ഇന്നും കേരള രാഷ്ട്രീയത്തിൽ സവർണമേധാവിത്വം കാണാൻ കഴിയും.

ശിവഗിരി മഠത്തെ ഉൾക്കൊള്ളാൻ കഴിയാത്ത എത്രയോ സംഘടനകളും സവർണാധിപത്യമുള്ള ആശ്രമങ്ങളും രാഷ്ട്രീയക്കാരുമുണ്ട്. ഇൗ സന്ദർഭത്തിലാണ് ശിവഗിരി മഠത്തിന്റെ കീഴിൽ എസ്.എൻ.ഡി.പി യോഗവും കേരളത്തിനകത്തും പുറത്തും ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിരിക്കുന്നത്. അതിന്റെ മൂന്നാമത്തെ ആഗോള സമ്മേളനം നവംബറിൽ ശിവഗിരിയിലാണ് നടക്കുന്നത്. ഗുരു നമ്മെ ഉദ്ബോധിപ്പിച്ചത് വിദ്യകൊണ്ട് സ്വതന്ത്രരാകാനും സംഘടനകൊണ്ട് ശക്തരാകാനുമാണ്. ഇത് നമ്മൾ കൂടുതൽ പ്രാവർത്തികമാക്കേണ്ടിയിരിക്കുന്നു.

നമുക്കുള്ള വലിയൊരു ഉത്തരവാദിത്വത്തെ രാഷ്ട്രപതി ഇത്തരുണത്തിൽ ഒാർമ്മിപ്പിക്കുകയാണ്. വരാൻ പോകുന്നത് ഗുരുവിന്റെ യുഗമായിരിക്കും. ഒന്നോർക്കണം സർവസംഗ പരിത്യാഗികൾക്ക് മാത്രമേ നിഷ്പക്ഷമായ നിയമവ്യവസ്ഥ ഉണ്ടാക്കാൻ സാധിക്കൂ. ആ വ്യവസ്ഥയിലൂടെയായിരുന്നു സനാതന ധർമ്മം ഇവിടെ പരിപാലിക്കപ്പെട്ടത്. സ്വാർത്ഥന്മാരായ കുബുദ്ധികൾ കടന്നുകൂടിയതാണ് അതിന് അപചയം സംഭവിക്കാൻ കാരണം. സർവസംഗ പരിത്യാഗിയായ ഗുരു, മനുഷ്യൻ എങ്ങനെ ജീവിച്ചാൽ അവന് ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സമത്വവും സഹിഷ്‌‌ണുതയും നേടാമെന്ന് കാട്ടിത്തന്നു. വെറും ഭൗതികവാദികളും ഇത്തിക്കണ്ണികളും ഇവിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു. അതിന് ഒരറുതി ഉണ്ടാകണമെങ്കിൽ മുൻവിധികളില്ലാതെ വസ്തുതകളെ കാണാനുള്ള മനസ് ഇവിടത്തെ യുവാക്കൾക്ക് ഉണ്ടാകണം. പക്ഷേ ആ യുവജനങ്ങൾ പല ഇസങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും നീരാളിപ്പിടുത്തത്തിലാണ്. ഇൗ ഭീകരാവസ്ഥയിൽ നിന്ന് വെളിയിൽ വന്നാൽ മാത്രമേ രക്ഷപ്പെടാനാവൂ.

വക്രബുദ്ധികൾ ഗുരുവിനെ ഒരു പ്രത്യേക വൃത്തത്തിൽ നിറുത്താനുള്ള ശ്രമമാണ് നടത്തുന്നത്.

ഈ സ്ഥിതി മാറണം. അത് മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം ഓരോ ശ്രീനാരായണീയന്റെയും ധർമ്മമാണ്. പൊതുവഴിയിൽ നടക്കുന്നതിനും വസ്ത്രം ധരിക്കുന്നതിനും ക്ഷേത്രത്തിൽ പോകുന്നതിനും ക്ഷേത്രപ്രതിഷ്ഠയ്ക്കും വിദ്യാഭ്യാസത്തിനും മറ്റും നാം നേടിയ സ്വാതന്ത്ര്യത്തിന് കാരണഭൂതനായത് ഇൗ മഹാഗുരുവിന്റെ ആയുസും വപുസും ആത്മതപസും നമുക്കുവേണ്ടി ബലി അർപ്പിച്ചതുകൊണ്ടാണ്. അത് വിസ്‌മരിക്കരുത്. ഉപനിഷദ് ഉദ്‌ബോധിപ്പിക്കുന്നതുപോലെ നാം സിംഹക്കുട്ടികളാണ്, ആട്ടിൻകുട്ടികളല്ല. നാം ഗുരുവിന്റെ ശിഷ്യരാണ് എന്ന് അഭിമാനിക്കാൻ ഗുരുവിന്റെ ദർശനത്തിലൂന്നി നിന്ന് ജീവിക്കണം.

എപ്രകാരമാണോ ബുദ്ധന്റെ ദർശനം ലോകത്തിന് മാതൃകയായി മാറിയത് അതുപോലെ ഗുരുവിന്റെ ദർശനം ഇൗ കൊച്ചുകേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും പ്രചരിപ്പിക്കാൻ കഴിയട്ടെ. അങ്ങനെ ലോകം സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇൗ സന്ദർഭത്തിൽ കേരളത്തിന്റെ ആദ്ധ്യാത്മ വിഭൂതിയായ ശ്രീനാരായണഗുരുദേവന്റെ ദർശനത്തെ മാർഗദീപമായി സ്വീകരിക്കാൻ ഭാരതത്തിന്റെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സാധിച്ചതിൽ കോടിക്കണക്കിന് വരുന്ന ഗുരുഭക്തരുടെയും ശിവഗിരി മഠത്തിന്റെയും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം കൂടുതൽ കരുത്തോടെ, ബലത്തോടെ ഋഷിസംസ്കാരത്തെ മുറുകെ പിടിച്ചുകൊണ്ട് അഭംഗുരം എണ്ണമറ്റ ആണ്ടുകൾ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് മഹാഗുരുവായ ആദ്ധ്യാത്മ വിഭൂതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.