തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയ വായ്പയുടെ പേരിൽ ബാങ്കുകാർ ജപ്തിക്ക് ഒരുങ്ങുന്നതിനിടെ, ധനസഹായം അനുവദിക്കാമെന്ന് സഹകരണ മന്ത്രി ഉറപ്പു നൽകിയിട്ടും കനിയാത്ത ബാങ്ക് ഉദ്യോഗസ്ഥരോട് വിറയ്ക്കുന്ന കൈകൾ കൂപ്പി വസന്തയ്‌ക്ക് ഇത്രയേ പറയാനുള്ളൂ: 'ഈ മൺവീടല്ലാതെ എനിക്കൊന്നുമില്ല. ഇറക്കിവിട്ടാൽ പോകാൻ ഇടമില്ല. ഉറ്റവരില്ല. വയസ്സ് അറുപത്തഞ്ചായി. കൂലിപ്പണിക്കു പോകാൻ പോലും ശരീരം വയ്യ.'
നാലു വർഷം മുമ്പ് കരമന സഹകരണ അർബൻ ബാങ്കിൽ നിന്ന് മൂന്നു ലക്ഷം രൂപ ലോണെടുത്തത് മകൾ സുചിത്രയുടെ ഭർത്താവ് സുനിൽകുമാറാണ്. വായ്പ എന്തിനായിരുന്നെന്നു പോലും അറിയില്ലെങ്കിലും രേഖകളിൽ ഒപ്പിട്ടത് വസന്തയാണ്. വായിച്ചു മനസ്സിലാക്കാനുള്ള പഠിപ്പില്ല. മരുമകൻ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു. അയാൾ രണ്ടര വർഷം മുമ്പ് ആത്മഹത്യ ചെയ്തു. ഭർത്താവു മരിച്ച് മൂന്നു മാസം തികയും മുമ്പ് രണ്ടര വയസ്സുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തി മകളും മരണം തിരഞ്ഞെടുത്തു.
പതിനെട്ടു വർഷം മുമ്പേ ഭർത്താവ് വിജയൻ ജോലിക്കിടെ പാറമടയിൽ വീണു മരിച്ചതിനു ശേഷം ദുരന്തങ്ങൾ വസന്തയെ വിടാതെ പിൻതുടരുകയായിരുന്നു. എന്നിട്ടും പിടിച്ചുനിന്ന വസന്ത ഹോട്ടലിൽ പാത്രം കഴുകിയും കൂലിപ്പണിയെടുത്തും കുടുംബം നോക്കി. ഒടുവിൽ ഒറ്റയ്ക്കായിപ്പോയിട്ടും, തനിക്കു പങ്കില്ലാത്ത ബാദ്ധ്യതയിൽ ആവുന്നിടത്തോളം തിരിച്ചടച്ചു. മുതലിന്റെ ബാക്കിയും പലിശയും പിഴയും ചേർത്ത് ഇനി ബാദ്ധ്യത 2,48,944 രൂപ!
ആകെയുള്ള ജീവിതസമ്പാദ്യമാണ് രണ്ടര സെന്റ് ഭൂമിയും, അതിൽ പെരുമഴയിൽ അലിഞ്ഞുതീരുന്ന മണകട്ടകൊണ്ടുള്ള കുഞ്ഞുവീടും. അതാണിപ്പോൾ ജപ്തിയുടെ വക്കിലായത്. കുടിശിക ഒറ്റത്തവണയായി അടച്ചാൽ ജപ്തി ഒഴിവാക്കാമെന്നു കാണിച്ച് കഴിഞ്ഞ 12-നാണ് ബാങ്കിൽ നിന്ന് വസന്തയ്ക്ക് കത്തു കിട്ടിയത്. അതിനു പിന്നാലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി സർഫാസി നിയമം പറഞ്ഞ് ഭീഷണിപ്പെടുത്തി. അന്നു കിടപ്പിലായതാണ് വസന്ത.
മറുപടി ശകാരം
ജപ്തിക്കൊരുങ്ങുന്ന ബാങ്കിനോട് നിയമയുദ്ധത്തിനു പോയിട്ടു കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് വസന്ത സങ്കടം പറഞ്ഞു.സഹകരണ വകുപ്പിന് റിസ്ക് ഫണ്ട് ഉണ്ട്. അതിൽ നിന്ന് ധനസഹായം നൽകാം. മന്ത്രിയുടെ നിർദ്ദേശമനുസരിച്ച്, കേരള കോ- ഓപ്പറേറ്റീവ് ഡവലപ്പ്മെന്റ് ആൻഡ് വെൽഫെയർ ബോർഡ് രജിസ്ട്രാർ
റിസ്ക് ഫണ്ടിന് അപേക്ഷ ക്ഷണിച്ച് ബാങ്ക് സെക്രട്ടറിക്ക് കത്തു നൽകി. ജപ്തി ഒഴിവാക്കാൻ കത്തിന്റെ പകർപ്പുമായി ബാങ്കിൽ ചെന്നപ്പോൾ ശകാരമായിരുന്നു മറുപടിയെന്ന് വസന്ത പറയുന്നു. ഇനി ആരോട് പരാതി പരാതിപ്പെടണമെന്നറിയാതെ നിസ്സഹായതയുടെ കഥ പറയുമ്പോൾ വസന്തയുടെ കണ്ണുകൾ നിറഞ്ഞുതൂവുന്നു.