fund

തിരുവനന്തപുരം: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കൈകോർക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ആയുഷ്‌മാൻ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷ ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതി നിറുത്തലാക്കി. കാരുണ്യാ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം നിറുത്തി. ജൂൺ 29 വരെ അപേക്ഷ നൽകിയവർക്ക് മാത്രമാകും കാരുണ്യ വഴിയുള്ള ചികിത്സ ലഭിക്കുകയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. അതിന്റെ കാലാവധി ഡിസബർ 31 വരെ മാത്രവും.

ആർ. എസ്. ബി. വൈ, ചിസ് പ്ലസ് പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരുന്നവർക്ക് മാത്രമാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ ചേരാനാകുക. ഈ പദ്ധതികളിൽ അംഗങ്ങളല്ലാത്തവർക്ക് ഇനി സൗജന്യ ചികിത്സ കിട്ടില്ല. നേരത്തെ ഈ പദ്ധതികളിൽ അംഗമല്ലാത്തവർക്കും കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. പുതിയ ആരോഗ്യ സുരക്ഷാപദ്ധതിയിൽ ഇരുപത്തഞ്ചു ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ നിലവിൽ ഇൻഷുറൻസ് കാർഡ് നൽകിയിട്ടുള്ളു. നാല്പത്തിയൊന്ന് ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടൊപ്പം അതിലെ അപാതകതൾ കൂടി പരിഹരിച്ചാലേ രോഗികൾക്ക് യഥാർത്ഥ പ്രയോജനം ലഭിക്കൂ.

2011–12 ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിച്ഛായയ്ക്ക് തിളക്കം നൽകിയ പദ്ധതിയിൽ ഒട്ടേറെപ്പേർക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു.

പുതിയ പദ്ധതിയുടെ പോരായ്മ വളരെ താഴ്ന്ന നിരക്കിലാണ് ഇൻഷുറൻസ് തുക (അഞ്ച് ലക്ഷം)​ നിശ്ചയിച്ചിരിക്കുന്നത്.

സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികളിലെ ചികിത്സാ നിരക്കിനേക്കാൾ കുറവാണിത്. ബാക്കി വരുന്ന തുക രോഗി വഹിക്കേണ്ടി വരും.

കിടത്തി ചികിൽസയ്ക്ക് മാത്രമാണ് സഹായം. സ്‌കാനിംഗ്, തുടർ ചികിത്സാ മരുന്നുകൾ ഇവയ്‌ക്കൊന്നും സഹായം ലഭിക്കില്ല.