paipppotti

മുടപുരം: റോഡുകൾ നവീകരിക്കാൻ വർഷം തോറും ചെലവാക്കുന്നത് കോടികൾ. എന്നാൽ പൈപ്പ്പൊട്ടൽ എന്ന വില്ലൻ ഈ റോഡുകളുടെ അവസ്ഥ വളരെ പരുങ്ങലിലാക്കിയെന്ന് വേണം പറയാൻ. റീടാറിംഗ് നടത്തിയ റോഡുകളും പുതുതായി നിർമ്മിച്ച റോഡുകളും തകർത്തവയിൽ ഉൾപ്പെടും. ശാസ്തവട്ടം അഴൂർ റോഡിന്റെ കാര്യം തന്നെയെടുക്കാം. റീടാറിംഗ് കഴിഞ്ഞ ഈ റോഡിന്റെ അടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് നിരന്തരം പൊട്ടുന്നു. തുടർന്നുള്ള അറ്റകുറ്റപ്പണികളിൽ റോഡാകെ കുത്തിപ്പൊളിച്ചിട്ടു. ഫലമോ യാത്രാദുരിതം വർദ്ധിച്ചു.

മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനും അഴൂരിനും ഇടയിൽ പലയിടത്തായി റോഡ് വെട്ടിപ്പൊളിച്ചു നാമവശേഷമാക്കി. നാഷണൽ ഹൈവേയിലെ തോന്നയ്ക്കൽ തോപ്പുമുക്കിൽ നിന്ന് ആരംഭിച്ച് ശാസ്തവട്ടം മുട്ടപ്പലം വഴി ചിറയിൻകീഴ് മുരുക്കുംപുഴ റോഡിലെ കിളിമുക്കിൽ ചെന്ന് ചേരുന്ന പി.ഡബ്ലിയു.ഡി റോഡാണ് തകർത്ത് തരിപ്പണമാക്കിയത്. ഈ റോഡിൽ ഗാന്ധിസ്മാരകം മുതൽ എൻ.എസ്.എസ് മുട്ടപ്പലം കരയോഗം ഓഫീസ് വരെയുള്ള ഭാഗത്താണ് ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് വർഷം മുൻപ് ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരമാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്. ക്വാളിറ്റി കുറഞ്ഞ പൈപ്പായതിനാൽ പൊട്ടുന്നത് സ്ഥിരമായി. ഇവ മാറ്റിയിട്ടു വേണം റോഡ് നവീകരിക്കാനെന്ന് പറഞ്ഞ നാട്ടുകാരെ നോക്കി അധികൃതർ പരിഹസിച്ചു. ഫലമോ പൈപ്പ് പൊട്ടി റോഡാകെ കുളമായി.

വെള്ളിയാഴ്ച രാത്രിയും മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനിൽ ബസ് സ്റ്റോപ്പിനും ഓട്ടോ സ്റ്റാൻഡിനും സമീപത്തതായി റോഡിനടിയിൽ പൈപ്പ് പൊട്ടി വൻ കുഴി രൂപപ്പെട്ടു. രണ്ട് റോഡുകൾ സന്ധിക്കുന്ന വളവിലാണ് അപകടകരമായ കുഴി. ഒടുവിൽ കുഴിയിൽ കൊടി നാട്ടി അപകടം പറ്റാതിരിക്കാൻ മുന്നറിയിപ്പ് നൽകി.. ഇന്നലെ പണിക്കാർ വന്ന് പൊട്ടിയ പൈപ്പ് നന്നാക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് എൻ.എസ്.എസ് കരയോഗം ഓഫീസിനു മുന്നിൽ പൊട്ടിയ പൈപ്പ് ശരിയാക്കാനായി റോഡിലെടുത്ത കുഴി ഇനിയും നികത്തിയിട്ടില്ല. ചുരുക്കത്തിൽ പൈപ്പ് പൊട്ടൽ ഈ റോഡിൽ തുടർക്കഥയാകുമെന്ന് സാരം.