വിതുര: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പൊൻമുടി സന്ദർശിക്കാൻ ഇന്നലെയും ടൂറിസ്റ്റുകളുടെ വൻ പ്രവാഹം. പൊൻമുടി മേഖലയിൽ മഴ പെയ്തെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല.
അയ്യായിരത്തോളം വാഹനങ്ങളാണ് ഇന്നലെ മാത്രം പൊൻമുടിയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയും പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ കുത്തൊഴുക്ക് മൂന്ന് ആഴ്ചയായി തുടരുകയാണ്.ഉച്ചയോടെ പൊൻമുടി നിറയും.ഇതിനെ തുടർന്ന് കല്ലാറിൽ വച്ച് സഞ്ചാരികളെ മടക്കി അയക്കുകയാണ്. സഞ്ചാരികളെ തടഞ്ഞ് തിരിച്ചയയ്ക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. പൊൻമുടിക്ക് പുറമേ കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടം, വായുവാൻതോൽ വെള്ളച്ചാട്ടം, ബോണക്കാട്, പേപ്പാറ, ചീറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും ആയിരക്കണക്കിന് സഞ്ചാരികൾ എത്തി. ജൂൺമാസത്തിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ പൊൻമുടിയിലെത്തിയത്. അഞ്ച് ലക്ഷത്തിൽ പരം സഞ്ചാരികളാണ് പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട്, വായുവാൻതോൽ, മീൻമുട്ടി, ചീറ്റിപ്പാറ എന്നീ മേഖലകളിൽ എത്തിയത്. പൊൻമുടിയിൽ സാധാരണ ജൂൺ മാസത്തിൽ സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഇക്കുറി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്.
പൊൻമുടിലെ ജലസ്ത്രോതസുകളെ കുറിച്ച് പഠിക്കുവാനും,കുടിവെള്ള വിതരണം സുഗമമാക്കുവാനുമായി പഠനം നടത്തി റിപ്പോട്ട് സമർപ്പിക്കുന്നതിനായി നിയോഗിച്ച കേരളസംസ്ഥാനസയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് തയാറാക്കിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഡി.കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.
കല്ലാർ
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഉത്ഭവിച്ച് വിതുര, പെരിഞ്ഞമല, നന്ദിയോട് പഞ്ചായത്തുകളിലൂടെ ഒഴുകി വമനപുരം നദിയിൽ ചേരുന്നു. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഗോൾഡൻവാലി, മീൻമുട്ടി എന്നിവ കല്ലാറിന്റെ തീരത്താണ് സ്ഥിതി ചെയുന്നത്.
മീൻമുട്ടിവെള്ളച്ചാട്ടം
തിരുവനന്തപുരത്ത് നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. നെയ്യാർ അണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം എത്താൻ.
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം
തിരുവനന്തപുരത്തു നിന്നും ഏകദേശം 50 കി.മി സഞ്ചരിച്ചാൽ വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലെത്താം. വിതുര കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ നിന്നും അല്പം കൂടി മുന്നോട്ടുപോകുമ്പോൾ വലതു വശത്തേയ്ക്കു ബോണക്കാട് പോകുന്ന റോഡുണ്ട്. അത് വഴി കുറച്ചു ദൂരം സഞ്ചരിച്ചാൽ ജേഴ്സിഫാമിലെത്തും. അല്പം കൂടി മുന്നോട്ടുപോകുമ്പോൾ വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കാണാം. വാഴ്‌വാന്തോൾ വെള്ളച്ചാട്ടം കാണാനും ട്രെക്കിംഗ് നടത്താനുമായി വനം വകുപ്പിന്റെ പാക്കേജ് നിലവിലുണ്ട് . 1000 രൂപയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് ഫീസ്.
ബോണക്കാട്
തിരുവനന്തപുരത്തു നിന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്.
വിതുര,മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടവും ഇവിടെയുണ്ട്
പേപ്പാറ
തിരുവനന്തപുരത്തിനടുത്ത് കരമനയാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം - പൊന്മുടി റോഡിലാണ് സ്ഥിതിചെയ്യുന്നത്.
ചീറ്റിപ്പാറ
തൊളിക്കോട് പഞ്ചായത്തിലാണ് ചീറ്റിപ്പാറ സ്ഥിതിചെയ്യുന്നത്.സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചീറ്റിപ്പാറയുടെ പ്രകൃതിമനോഹാരിത ശ്രദ്ധേയമാണ്.