കടയ്ക്കാവൂർ: ഇന്റർലോക്ക് പണി പാതി വഴിയിൽ ഉപേക്ഷിച്ചത് മൂലം കായിക്കര പോളയ്ക്കൽ ഭാഗത്തെ റോഡിൽ അപകടം തുടർക്കഥയാകുന്നു. മഴക്കാലമായാൽ ഇവിടെ റോഡിൽ മുട്ടൊപ്പം വെളളം പൊങ്ങും. വാഹനങ്ങളുടെ സൈലൻസറിൽ വെള്ളം കയറി ഗതാഗതം മണിക്കൂറുകൾ മുടങ്ങും. കാൽനടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
റോഡിന്റെ ഒരുവശം മാത്രമാണ് ഇന്റർലോക്ക് ചെയ്തത്. കുഴികൾ നിറഞ്ഞ മറുവശത്ത് മഴക്കാലമായാൽ വെള്ളം കെട്ടികിടക്കും. ഇൗ ഭാഗത്ത് കൂടി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്.
നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലാതായപ്പോൾ ഇതിനെതിരെ നാട്ടുകാർ സമരം ചെയ്തിരുന്നു. എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ശശി, സി.പി.എം പ്രവർത്തകരായ ലൈജു, പ്രവീൺചന്ദ്ര, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവരുടെ ശ്രമഫലമായി ഇന്റർലോക്ക് പണി പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ, കരാർ ഏറ്റെടുത്തയാളെ ദോഹോപദ്രവം ഏൽപ്പിച്ചതിനാൽ അയാൾ പണി പൂർത്തിയാക്കാതെ ഒഴിഞ്ഞുമാറി. ഇക്കാരണത്താൽ മറ്റാരും പണി ഏറ്റെടുക്കാനും തയ്യാറല്ല. അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.