peerumedu-custodial-death

കോട്ടയം: രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ പൊലീസിന്റെ വാദങ്ങൾ പൊളിഞ്ഞതോടെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും. അതിനിടെ രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ രണ്ടു പൊലീസുകാർ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരമുണ്ട്.

രാജ്കുമാറിനെ ജൂൺ 12നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ 16നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. നെടുങ്കണ്ടം സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ 12ാം തീയതി രാത്രിയോടെ രാജ്കുമാറിനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിയെ പിടിച്ചിട്ട് നാലാം ദിവസമാണ് കോടതിയിൽ ഹാജരാക്കിയതെന്നത് വ്യക്തമായി. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.

രാജ്കുമാറിനെ ഉരുട്ടിക്കൊന്നതു തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടയിലെ മാംസം എല്ലിൽനിന്നും വേർപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇതിന് തെളിവാണ്. കൂടാതെ 14 മുറിവുകളും 7 ചതവുകളും 4 വാരിയെല്ലുകൾ പൊട്ടിയതും പ്രാചീന മർദ്ദനമുറകൾ രാജ്കുമാറിന്റെ മേൽ പ്രയോഗിച്ചുവെന്നതിന് തെളിവാണ്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പല ദൃശ്യങ്ങളും മായ്ചുകളഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ പല സമയങ്ങളിലായി സി.സി.ടി.വി ഓഫ് ആക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സ്റ്റേഷനിലേക്ക് കിരാത മർദ്ദന മുറ പ്രയോഗിച്ചിരുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ 21ന് രാവിലെയായിരുന്നു മരണം. പീരുമേട് സബ് ജയിലിൽ നിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രാജ്കുമാറിന്റെ മുഖത്തും മറ്റും മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായും ജയിലിൽ ഒരിറ്റു വെള്ളത്തിനായി കേണപ്പോൾ കൊടുത്തില്ലെന്നും സഹതടവുകാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് പിറ്റേദിവസം തന്നെ രാജ്കുമാറിനെ വീട്ടിൽ എത്തിച്ച് തെളിവെടുത്തിരുന്നു. അന്ന് അമ്മയുടെ മുന്നിൽ വച്ചുതെന്നെ രാജ്കുമാറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് നാട്ടുകാരും അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി.ഗോപേഷ് അഗർവാളിനോട് പറഞ്ഞിരുന്നു. കൂടാതെ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പ്രതിയെ ജയിലിൽ പ്രവേശിപ്പിച്ചത്. ജയിലിൽ ഒരു പ്രതിയെ പ്രവേശിപ്പിക്കുമ്പോൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ് പൊലീസ് കൊണ്ടുവരണമെന്നാണ് നിലവിലുള്ള ചട്ടം.

ഇന്ന് മുഖ്യമന്ത്രിയെ കാണുന്ന രാജ്കുമാറിന്റെ കുടുംബം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടും. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അറിയിക്കും. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ എട്ട് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തതൊഴിച്ചാൽ ഇതുവരെ ഇവർക്കെതിരെ ഒരു കേസ് പോലും എടുത്തിട്ടില്ല. സംഭവം വലിയ വിവാദമായതോടെ സസ് പെൻഷനിലുള്ള ചില പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. അതിനിടെ ഇന്നലെയും ശനിയാഴ്ചയിലുമായി രണ്ട് പൊലീസുകാർ ആത്മഹത്യക്ക് ശ്രമിച്ചതായി അറിവായിട്ടുണ്ട്. ഒരാൾ രാമക്കൽ മേട്ടിലും മറ്റൊരാൾ എറണാകുളത്തുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഒന്നും പറയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല.

ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടിവന്നതോടെ രാജ്കുമാറിന് പനി ബാധിച്ചിരുന്നു. തക്ക സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നാൽ പനി ന്യൂമോണിയയായി മാറിയതാകാമെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്. അതേസമയം രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്.പി.ക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയതായും സൂചനയുണ്ട്. എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് പുറത്തുവരുന്നത്. അതിനാൽ എസ്.പി വേണുഗോപാലിനെതിരെ നടപടി വരുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം