പൂവാർ: ഒരു കോമ്പൗണ്ടിനുള്ളിൽ രണ്ട് സർക്കാർ സ്കൂൾ. എൽ.പി മാത്രമുള്ള ഒരു സ്കൂളും എൽ.പി മുതൽ വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള മറ്റൊരു സ്കൂളുമാണ് ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി പ്രവർത്തിക്കുന്നത്. തിരുപുറം ഗ്രാമ പഞ്ചായത്തിലെ പരണിയം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും പരാണിയം ഗവ. എൽ.പി സ്കൂളുമാണ് ഒരു കോമ്പൗണ്ടിനുള്ള പ്രവർത്തിക്കുന്നത്. ഓരോ അദ്ധ്യായന വർഷവും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂളിലെ കുട്ടികളുടെ എണ്ണംകൂട്ടാൻ ശ്രമിക്കാറുണ്ട്. രണ്ട് സ്കൂളുകളെയും വേർതിരിക്കുന്ന മതിൽക്കെട്ട് എടുത്തുമാറ്റി സ്കൂളുകളെ ഏകീകരിക്കുന്നതാണ് പ്രശ്നത്തിന്റെ പരിഹാരമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ക്ലാസ് റൂമുകളുള്ള ഒരേയൊരു കോൺക്രീറ്റ് കെട്ടിടത്തിലാണ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചു വരുന്നത്. ഷീറ്റിട്ട കെട്ടിടത്തിൽ അടുത്ത കാലത്ത് പണിത സീലിംഗ് പൊളിഞ്ഞ് പോയി. അവിടെയാണ് ഹയർ സെക്കൻഡറിക്കായി ക്ലാസ്റൂം വേർതിരിച്ചിരിക്കുന്നത്.
പരണിയം, അരുമാനൂർ, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ പെൺകുട്ടികൾ പരണിയം യു.പി ഗേൾസ് അപ്പർ പ്രൈമറി സ്കൂളിൽ പഠിക്കാൻ കാൽനടയായി എത്തുമായിരുന്നു. പിന്നീട് അടുത്ത കാലം വരെ പരണിയം വഴിയുള്ള ബസ്സുകൾ പൂവാർ, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്നായി നിരവധി സർവീസുകളാണ് ഉണ്ടായിരുന്നത്. അവയെല്ലാം ലാഭകരമല്ലാത്തതിന്റെ പേരിൽ നിറുത്തലാക്കിയപ്പോൾ സ്കൂളിൽ കുട്ടികൾക്ക് എത്തിപ്പെടാൻ കഴിയാതെ പലരും മറ്റ് സ്കൂളുകളെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ എൽ.പി സ്കൂൾ പിന്നിലായി.