girl-killed-in-nedumangad

നെടുമങ്ങാട്: മകളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി കാമുകനൊപ്പം സ്വസ്ഥമായി ജീവിക്കാൻ ഏകമകൾ മീരയെ (16)കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ മാതാവ് മഞ്ജുഷയേയും കാമുകൻ അനീഷിനെയും കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഒരാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയുടെ കഴുത്തിൽ ഷാൾ മുറുക്കിയും കഴുത്ത് ഞെരിച്ചും മഞ്ജുഷയും അനീഷും ചേർന്ന് കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിച്ചതായാണ് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

അതേസമയം, മീരയെ മരിക്കുംമുമ്പ് കിണറ്റിൽ ഉപേക്ഷിച്ചതായുള്ള സംശയവും പൊലീസിനുണ്ട്. പോസ്റ്റുമോ‌ർട്ടം ചെയ്ത ഡോക്ടർമാരിൽ നിന്നും ഫോറൻസിക് വിദഗ്ദരിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മീരയെ അപായപ്പെടുത്തുന്ന സമയത്ത് പുറത്ത് നല്ല മഴയായിരുന്നു. മഴ തോരും മുമ്പേ കുട്ടിയ കിണറ്റിൽ തള്ളാനുള്ള വ്യഗ്രതയിലായിരുന്നു ഇരുവരും. കുട്ടിയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ച ഇവർ റോഡരികിലുള്ള കിണറിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടത്തുമ്പോൾ നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി.മഞ്ജുഷ ഒരിക്കൽ കൂടി മീരയുടെ കഴുത്ത് ഞെരിക്കുകയും അനീഷ് ഈ സമയം കിണറിന്റെ മൂടി മാറ്റി മൃതദേഹം അതിലേക്ക് തള്ളുകയും ചെയ്തതായാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. വെള്ളത്തിൽ വീണശേഷമാണോ മീര മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. കുട്ടിയുടെ ശ്വാസകോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോയെന്ന് പൊലീസിന് ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെയും ഫോറൻസിക് വിദഗ്ദരെയും വീണ്ടും കാണുന്നത്.

ആസൂത്രിതമായാണ് മീരയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കിണറിന് സമീപത്തെ വീട്ടിൽ നിന്ന് അനീഷ് തന്റെ അമ്മയെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷമാണ് മീരയുടെ മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റിൽ മറവ് ചെയ്തത്. വീടിന് പരിസരത്തെ ചില പയ്യൻമാരുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമായിരുന്നുവെന്നും കുട്ടിയെ വകവരുത്താൻ അമ്മയും കാമുകനും മെനഞ്ഞ കഥയായിരുന്നു ഇതെന്നും പൊലീസ് വെളിപ്പെടുത്തി. മീരയെ കൊലപ്പെടുത്തിയശേഷം തമിഴ്നാട്ടിലും മറ്റും ഇവർ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും കൂടുതൽ അന്വേഷണത്തിനുമാണ് ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മറ്രാർക്കും പങ്കുള്ളതായി സൂചനകളൊന്നും ഇതുവരെയില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.