തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവം ചോദ്യോത്തരവേളയെ ബഹളമയമാക്കി. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ആന്തൂർ നഗരസഭാദ്ധ്യക്ഷ കുറ്റക്കാരിയല്ലെന്ന് പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
അന്വേഷണത്തിനു മുമ്പ് മന്ത്രി തന്നെ ആരോപണവിധേയയ്ക്ക് ക്ളീൻ ചിറ്റ് നൽകുന്നെന്നും ഇത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരസഭാദ്ധ്യക്ഷയെ കുറ്റക്കാരിയായി പ്രഖ്യാപിക്കുന്നത് പ്രതിപക്ഷമാണെന്നും ഇതിന് എന്ത് തെളിവാണ് അവരുടെ കൈവശമുള്ളതെന്നും മന്ത്രി തിരിച്ചുചോദിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാം വ്യക്തമാകും. കേരളം വ്യവസായ - നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ചർച്ചകൾ കേരളത്തിന്റെ അഭിവൃദ്ധിയെ പ്രതികൂലമായി ബാധിക്കും. ഇതുവരെ ലഭിച്ച തെളിവുകളും വിവരങ്ങളും വച്ച് നഗരസഭാദ്ധ്യക്ഷ തെറ്റ് ചെയ്തിട്ടില്ലെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.