വിഴിഞ്ഞം: വെള്ളായണിക്കായലിൽ പിതാവിനൊപ്പം വള്ളത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് കായലിൽ മുങ്ങി മരിച്ചു. കോളിയൂർ മുട്ടയ്ക്കാട് ചരുവിളവീട്ടിൽ മനു എന്നു വിളിക്കുന്ന അരുണാണ് (28) മരിച്ചത്. കായലിൽ മത്സ്യത്തൊഴിലാളികൾ വിരിച്ചിരുന്ന വലയിൽ കുരുങ്ങിയാണ് അരുൺ മരിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി 12 ന് വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം.
പാലോട് സ്വദേശിയായ അരുൺ വിവാഹം ശേഷം കോളിയൂരിലെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. പാലോട് നിന്നും അരുണിന്റെ പിതാവ് വേലു ഞായറാഴ്ച രാവിലെ കോളിയൂരിൽ എത്തി. രാത്രി 8 ഓടെ ഇരുവരും ചെറുവള്ളത്തിൽ മീൻ പിടിക്കാൻ കായലിൽ പോയി. കായലിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോൾ മീൻകൂട്ടത്തെ കണ്ട അരുൺ കായലിലേക്ക് ചാടുകയായിരുന്നെന്ന് വേലു പറഞ്ഞു. അരുൺ പൊങ്ങിവരാത്തതിനെത്തുടർന്ന് വേലു കരയ്ക്കെത്തി നാട്ടുകാരെ വിവരം അറിയിച്ചു. വിഴിഞ്ഞത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും മുങ്ങൽ വിദഗ്ദ്ധർ ഇല്ലാത്തതിനാൽ തിരച്ചിൽ നടത്താനായില്ല. പിന്നീട് ചെങ്കൽചൂള ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് അരുണിന്റെ മൃതദേഹം പുറത്തെടുത്ത്.
വലയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.ഫയർമാന്മാരായ വി. ലിജു, പ്രേംരാജ്, ഷഹീർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ജിതയാണ് അരുണിന്റെ ഭാര്യ. മകൾ ആദിത്യ. വിഴിഞ്ഞം പൊലീസ് കേസെടുത്തു.