s

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവക്ഷേത്രത്തിൽ 'ദേവാപ്രഭാ' പദ്ധതിയിലൂടെ ഉപദേശക സമിതി സ്ഥാപിച്ച വൈദ്യുത ദീപങ്ങളുടെയും, നിരീക്ഷണ കാമറകളുടെയും പ്രവർത്തനവും, ചുറ്റുമതിലിന്റെ ഉദ്ഘാടനവും ക്ഷേത്രാങ്കണത്തിൽ നടന്നു. ദേവപ്രഭാ പദ്ധതിയുടെയും, ചുറ്റുമതിലിന്റെയും ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് വൈസ് ചെയർമാൻ ബൈജു ഗോപാലനും, നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം വെഞ്ഞാറമൂട് പൊലിസ് സർക്കിൾ ഇൻസ്പക്ടർ ബി. ജയനും നിർവഹിച്ചു. ഉപദേശക സമിതി അംഗം എം. മണിയൻ പിള്ള അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി. വാമദേവൻ പിള്ള, ക്ഷേത്ര മേൽശാന്തി അനിൽ പോറ്റി, കമ്മിറ്റി അംഗങ്ങളായ വയ്യേറ്റ് ബി. പ്രദീപ്, എം.വി. സോമൻ, വയ്യേറ്റ് അനിൽ, ജി. വിജയൻ, കോണത്ത് ശശിധരൻ പിള്ള, എ. അജയൻ തുടങ്ങിയവർ പങ്കെടുത്തു. ദേവപ്രഭാ പദ്ധതി പ്രകാരം ക്ഷേത്ര മൈതാനത്തും, മുറ്റത്തും വഴികളിലും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു. കൂടാതെ ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയ്ക്കായി നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഇരുവഴികളിലും ക്ഷേത്രത്തിനകത്തുമാണ് ശേഷി കൂടിയ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ചുറ്റുമതിലും പദ്ധതി പ്രകാരം പണി തീർത്തിരിക്കുകയാണ്.