july01d

ആറ്റിങ്ങൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മൂലം ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ മാതൃകാ വിദ്യാലയങ്ങളിലൊന്നായ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ. മികച്ച അക്കാഡമിക നിലവാരം പുലർത്തുന്ന 1500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് പുതിയ കെട്ടിടം അനുവദിച്ചാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കഴിഞ്ഞ വർഷം ആഘോഷിച്ചത്. അതു പ്രകാരം അവനവഞ്ചേരി സ്കൂളിനും പുതിയ കെട്ടിടം അനുവദിച്ചു. 1600 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ എണ്ണം കുറവായതുകൊണ്ടാണ് ക്ലാസ് മുറികൾ അനുവദിച്ചത്. എന്നാൽ നിലവിലുണ്ടായിരുന്ന ക്ലാസ് മുറികൾ പൊളിച്ചു നീക്കിയതല്ലാതെ തുടർ പ്രവർത്തനങ്ങളൊന്നും നടന്നില്ല. സ്കൂൾ അധികൃതരും പി.ടി.എയും വിവിധ തലങ്ങളിൽ പരാതി നൽകിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുകയാണ്. അവനവഞ്ചേരി സ്കൂൾ കെട്ടിട നിർമാണം തുടങ്ങിയതിനു ശേഷം ആരംഭിച്ച ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.