dippo

കാട്ടാക്കട: അപകടത്തുരുത്തായി കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻവശം. ഡിപ്പോയിലെ പ്രവേശന കവാടത്തിലേക്ക് കയറുന്ന ഭാഗവും, ബസുകൾ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തുമാണ് അപകടങ്ങൾ സ്ഥിരമായത്. തലസ്ഥാന നഗരിയിലേയും ഗ്രാമീണ മേഖലയിൽ നിന്നും വരുന്ന ബസുകൾ എപ്പോൾ എതുഭാഗത്തുകൂടെ അകത്തേക്കുവരുമെന്ന് ആർക്കും അറിയാൻ കഴിയില്ല. പലപ്പോഴും ഇരുഭാഗത്തേക്കും പോകുന്ന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. കേവലം ഒരു സെക്യുരിറ്റിയെ നിയോഗിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളു. എന്നാൽ അപകടങ്ങൾ പതിവായിട്ടും ഇവരെ നിയോഗിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബസ് യാത്രക്കാരും വഴിയാത്രക്കാരും ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയ്ക്ക് അധികൃതർ തയാറായിട്ടില്ല .

റോഡും ഡിപ്പോയുടെ പ്രവേശന കവാടവും ചേരുന്ന ഭാഗത്തെ ഓടയുടെ സ്ലാബിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് ഇരുമ്പ് കമ്പികൾ പുറത്തുവന്നിരിക്കുകയാണ്. ഇതുവഴി പോകുന്ന കാൽനടയാത്രക്കാരുടെ കാല് തട്ടിയും ചെരുപ്പ് കുടുങ്ങിയും അപകടം ഉണ്ടാകുന്നത് പതിവാണ്. കൂർത്ത കമ്പി കാലിൽ തറച്ച് പരുക്ക് പറ്റുന്നവരും കുറവല്ല.