കിടക്കാൻ നേരം പായ അന്വേഷിക്കുന്നു എന്ന ചൊല്ലുപോലെയാണ് കെ.എസ്.ആർ.ടി.സിയുടെ ഭരണശൈലി. അടിയന്തര സാഹചര്യങ്ങൾ മുന്നിൽവന്നു പെടുമ്പോഴാണ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നത്. ഏതാനും മാസം മുൻപ് എം. പാനൽ കണ്ടക്ടർമാരുടെ പേരിലാണ് സർവീസ് മുടക്കം ഉണ്ടായതെങ്കിൽ ഇപ്പോഴത് ഡ്രൈവർമാർ കാരണമാണ്. ഒറ്റയടിക്ക് കഴിഞ്ഞദിവസം 2107 എം.പാനൽ ഡ്രൈവർമാരെയാണ് പിരിച്ചു വിടേണ്ടിവന്നത്. എം. പാനലുകാരെ ഒഴിവാക്കാൻ സുപ്രീംകോടതി അനുവദിച്ച കാലപരിധി ജൂൺ 30 ന് അവസാനിച്ചതോടെയാണ് വർഷങ്ങളായി എം.പാനൽ വിഭാഗത്തിൽ പണിയെടുത്തു വന്ന രണ്ടായിരത്തിലേറെ ഡ്രൈവർമാർക്ക് പുറത്തു പോകേണ്ടി വന്നത്. മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി എം. പാനൽ പ്രശ്നത്തിൽ അവസാന തീർപ്പ് കല്പിച്ചത്.
പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ എം. പാനലുകാരെ ജോലിയിൽ വച്ചുകൊണ്ടിരിക്കുന്നതിലെ നീതികേടാണ് സുപ്രീംകോടതി എടുത്തുകാട്ടിയത്. പരമോന്നത കോടതിയുടെ ഉത്തരവ് വന്നതിനു ശേഷവും എം. പാനൽകാരെ പൂർണമായി ഒഴിവാക്കുമ്പോൾ ഉണ്ടാകാവുന്ന അടിയന്തര സാഹചര്യം നേരിടാനാവശ്യമായ തയ്യാറെടുപ്പുകൾ കെ.എസ്.ആർ.ടി.സി ചെയ്തില്ലെന്നതിലാണ് പതിവുപോലെ അവരുടെ കാര്യക്ഷമതയില്ലായ്മ പ്രകടമാകുന്നത്. കാര്യങ്ങൾ മുൻകൂട്ടി കണ്ട് പരിഹാര നടപടികളൊന്നും എടുക്കാത്തതിനാൽ കെ.എസ്.ആർ.ടി.സിയുടെ പതിവ് റൂട്ടുകളിൽ രണ്ടുദിവസമായി യാത്രാദുരിതം നിലനിൽക്കുകയാണ്. ഒരിക്കലും നേരെ ചൊവ്വേ പോവുകയില്ലെന്ന വാശിയുള്ള കെ.എസ്.ആർ.ടി.സി മാനേജ്മെന്റും അതിന് എല്ലാവിധ ഒത്താശയും ചെയ്യുന്ന ഗതാഗതവകുപ്പും യാത്രക്കാരുടെ ദുരിതം കാണുന്നില്ല. പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ മാത്രം ഇടപെട്ട് താത്കാലിക പരിഹാരമുണ്ടാക്കുന്നതിലാണ് അവരുടെ സാമർത്ഥ്യം. ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ല. എം.പാനൽ ഡ്രൈവർമാരെ കൈയൊഴിയേണ്ടി വന്നത് കാരണം സംസ്ഥാനത്തുണ്ടായിരിക്കുന്ന യാത്രാപ്രതിസന്ധി എല്ലാ അർത്ഥത്തിലും സർക്കാർ സൃഷ്ടിയാണ്.
ഡ്രൈവർമാർ ഇല്ലാതെ വന്നതിനെത്തുടർന്ന് ഞായറാഴ്ച വിവിധ മേഖലകളിലായി അറുനൂറിലേറെ സർവീസുകളാണ് റദ്ദാക്കേണ്ടിവന്നത്. ഒഴിവുദിവസം പതിവിൻ പടിയുള്ള സർവീസ് റദ്ദാക്കലിന് പുറമേ ഇത്രയും സർവീസുകൾകൂടി മുടങ്ങിയതിനാൽ പല സ്ഥലത്തും യാത്രാക്ളേശം രൂക്ഷമായിരുന്നു. ഇന്നലെ കൂടുതൽ സർവീസുകൾ മുടങ്ങി. പ്രവൃത്തിദിനമായതിനാൽ തിരക്കും കൂടുതലായിരുന്നു. ട്രാൻസ്പോർട്ട് ബസുകൾ മാത്രം സർവീസ് നടത്തുന്ന തെക്കൻ ജില്ലകളിലാണ് കൂടുതൽ പ്രയാസം അനുഭവപ്പെട്ടത്. തെക്കൻ മേഖലയിൽ ഞായറാഴ്ച 523 സർവീസുകളാണ് മുടങ്ങിയത്. മദ്ധ്യമേഖലയിൽ ഇത് 36 ഉം വടക്കൻ മേഖലയിൽ 47- മായിരുന്നു. സ്വകാര്യ ബസുകൾ നിരത്ത് കൈയടക്കിയിട്ടുള്ള മദ്ധ്യകേരളത്തിലും മലബാറിലും ട്രാൻസ്പോർട്ട് സർവീസുകൾ മുടങ്ങിയാലും പ്രശ്നമൊന്നുമില്ല. എന്നാൽ തെക്കൻ കേരളത്തിൽ സ്ഥിതി അതല്ല. പ്രതിസന്ധിയൊന്നുമില്ലാത്ത അവസരത്തിൽപ്പോലും ഇവിടെ പല സ്ഥലത്തും രൂക്ഷമായ യാത്രാക്ളേശം അനുഭവപ്പെടാറുണ്ട്. ആ നിലയ്ക്ക് നൂറുകണക്കിന് സർവീസുകൾ മുടങ്ങുക കൂടി ചെയ്താൽ സംഭവിക്കാവുന്ന ദുരിതം ഉൗഹിക്കാവുന്നതാണ്..
സ്ഥിരം ഡ്രൈവർമാരുടെ അനവധി ഒഴിവുകൾ നിലനിൽക്കുമ്പോഴാണ് വർഷങ്ങളായി എം.പാനലുകാരെ വച്ചുകൊണ്ട് സർവീസുകൾ നടത്തിക്കൊണ്ടു പോയിരുന്നത്. മാനേജ്മെന്റിന് ഇത് ലാഭക്കച്ചവടമായതുകൊണ്ടാണ് എം.പാനൽ സമ്പ്രദായം അറുതിയില്ലാതെ തുടർന്നു പോന്നത്. സ്ഥിരം ജീവനക്കാരുടെ ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ഇവർക്ക് നൽകേണ്ടതില്ല. ആയിനത്തിൽ വൻ തുക ലാഭമാകും. പ്രവർത്തനച്ചെലവ് കുറച്ചുകാണിക്കാൻ എം.പാനൽ നിയമനം വലിയ തോതിൽ സഹായകമായിരുന്നു. തെറ്റായ പ്രവണതയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എം.പാനൽ സംവിധാനം വർഷങ്ങളായി കെ.എസ്.ആർ.ടി.സി യിൽ നിലനിന്നത്. എന്നെങ്കിലുമൊരിക്കൽ സ്ഥിരം നിയമനം തരപ്പെടുമെന്ന പ്രതീക്ഷയിൽ എം.പാനൽ പട്ടികയിൽ നിലനിന്ന് ജീവിതം നഷ്ടപ്പെടുത്തേണ്ടിവന്ന അനേകം ഹതഭാഗ്യരുണ്ട്. കോടതിവിധിയെത്തുടർന്ന് കണ്ണീരോടെ പടിയിറങ്ങേണ്ടി വന്നവരാണവർ.
അവധിയിൽ കഴിയുന്ന സ്ഥിരം ജീവനക്കാരെ മടക്കിവിളിച്ചും പുതുതായി താത്കാലികക്കാരെ നിയമിച്ചും പ്രതിസന്ധി മറികടക്കാനാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്. ഇതൊന്നും ശാശ്വത പരിഹാരമാർഗമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. സർവീസുകൾ മുടക്കംകൂടാതെ നടത്താനാവശ്യമായത്ര സ്ഥിരം ജീവനക്കാരെ നിയമിക്കുകയാണ് വേണ്ടത്. ഡ്രൈവർമാരുടെ പി.എസ്.സി റാങ്ക് പട്ടിക നിലനിന്ന കാലത്താണ് എം.പാനലുകാരെ കൂട്ടത്തോടെ വച്ച് സർവീസ് നടത്തിയത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാൽ പുതിയ വിജ്ഞാപനമിറക്കി ഉദ്യോഗാർത്ഥികളെ ക്ഷണിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ പട്ടിക തയ്യാറാക്കാൻ മാസങ്ങളല്ല വർഷങ്ങൾ തന്നെവേണം. ഇതിന്റെ മറവിൽ താത്കാലികക്കാരെ കൂട്ടത്തോടെ നിയമിച്ച് ബസുകൾ ഒാടിക്കാനുള്ള മാനേജ്മെന്റിന്റെ താത്പര്യം മനസിലാക്കാവുന്നതേയുള്ളൂ. താത്കാലികക്കാർക്ക് കുറഞ്ഞ വേതനം നൽകിയാൽ മതിയല്ലോ എന്ന ചിന്തയാണ് ഇൗ ചൂഷണത്തിന് പിന്നിൽ. ഏതു വിധേനയും സർവീസ് മുടക്കത്തിന് അടിയന്തര പരിഹാരം ഉണ്ടാവുക തന്നെവേണം. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ കെ.എസ്.ആർ.ടി.സി എന്നും യാത്രക്കാർക്ക് ദുരിതയാത്ര മാത്രമേ നൽകൂ എന്നു വരുന്നതിൽപ്പരം ഒരു ദൗർഭാഗ്യം വേറെയില്ല. വരുമാന വർദ്ധനവഴി പുതിയ നേട്ടമുണ്ടാക്കിയതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ജീവനക്കാരുടെ കുറവുമൂലം എല്ലാം കീഴ്മേൽ മറിഞ്ഞത്. മുൻകൂട്ടി കണ്ട് പ്രായോഗിക നടപടി എടുത്തിരുന്നെങ്കിൽ ഒറ്റ സർവീസ് പോലും മുടക്കേണ്ടിവരുമായിരുന്നില്ല. യാത്രക്കാരെ പെരുവഴിയിലാക്കാൻ മാത്രമായി ഇങ്ങനെയൊരു സംവിധാനം നിലനിറുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കാൻ സമയമായെന്നാണ് തോന്നുന്നത്.