നമ്മുടെ നാട്ടിൽ കാണപ്പെടുന്ന കൊടങ്ങൽ വിവിധ അസുഖങ്ങൾക്ക് അതിവിശേഷപ്പെട്ട ഔഷധ സസ്യമാണ്. ചെൻലില അസി അലിച എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുത്തിൾ, വല്ലാര എന്നിങ്ങനെ പല പേരുകളിലുള്ള സസ്യം അപ്പിയേസിയേ സസ്യകുടുംബത്തിൽപ്പെട്ടതാണ്. ജലാംശം ഉള്ള മണ്ണിലും ചതുപ്പുനിലങ്ങളിലും നിലംപറ്റി വളരുന്ന വൃക്കയുടെ ആകൃതിയുടെ ഇലകളുള്ള സസ്യത്തിന്റെ വിശേഷഗുണങ്ങൾ തിരിച്ചറിഞ്ഞ ദ്രാവിഡ സിദ്ധവൈദ്യന്മാർ അതിപുരാതനകാലം മുതൽക്കുതന്നെ ഔഷധകൂട്ടുകളിൽ ഉപയോഗിച്ചുവരുന്നു.
ആധുനികകാലത്ത് ഔഷധശാസ്ത്ര ഗവേഷകരും കൊടങ്ങലിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ബുദ്ധിവികാസത്തിനും, തലവേദനയ്ക്കും, തലച്ചോറിന്റെ കോശങ്ങൾ നശിച്ച് ഉണ്ടാകുന്ന ഓർമ്മക്കുറവിനും ഉന്മാദത്തിനും, ശ്രദ്ധ ഇല്ലാത്ത അവസ്ഥയ്ക്കും അതിവിശേഷപ്പെട്ട കൊടങ്ങൽ തലച്ചോറിലെ നാഡീകോശങ്ങളുടെ സംരക്ഷണത്തിനുള്ള ബ്രയിൻ ടോണിക്ക് എന്നുതന്നെ വിശേഷിപ്പിക്കാം. കഫം, പിത്തം എന്നിവ ശമിപ്പിക്കാനും, ഹൃദയപേശികളുടെ സംരക്ഷണത്തിനും, കരൾ സംരക്ഷണത്തിനും കുടൽ വൃണത്തിനും, വെള്ളപാണ്ടിനും, ആമവാതത്തിനും ശമനമുണ്ടാക്കാൻ ഉത്തമമാണ്. ആരോഗ്യകരമായ ഭക്ഷണത്തിനായി കൊടങ്ങലിന്റെ ഇല തോരനായും, ചമ്മന്തിയായും പുരാതനകാലം മുതൽ ഉപയോഗിച്ചുവരുന്നു. ധാരാളം ഫ്ളവനോയിഡുകളും, അഷ്യാറ്റിക്കോസൈഡുകളും, അമീനോ ആസിഡുകളും ബീറ്റാകരോട്ടിനും ഫാറ്റിയാസിഡുകളും ഫൈറ്റോ കെമിക്കൽസും ധാരാളമായി കൊടങ്ങൽ അഥവാ മുത്തിളിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധത്തിനും, യുവത്വം നിലനിറുത്തുവാനുമായി പ്രകൃതി നൽകിയ ഔഷധ കലവറയാണ് കൊടങ്ങൽ.
കെ.കെ. അജയലാൽ നാടാർ
കൺസൽറ്റന്റ് ഫാർമസിസ്റ്റ്
കമ്മ്യൂണിറ്റി ഫാർമസി സർവീസസ്
ഗവ. മെഡിക്കൽ കോളേജ്
തിരുവനന്തപുരം
9961132266