thomas-isaac

തിരുവനന്തപുരം: പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ മൂന്നുലക്ഷത്തിനു താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പഴയ ആരോഗ്യസുരക്ഷാ കാർഡും ആധാർ കാർഡുമായി ആശുപത്രിയിലെത്തിയാൽ എപ്പോൾ വേണമെങ്കിലും രജിസ്ട്രേഷൻ നടത്താം. ആരെയെങ്കിലും വിട്ടുപോയെങ്കിൽ അവരെ ഉൾപ്പെടുത്തും. കേന്ദ്രത്തിന്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിലും നടപ്പാക്കണം. 5 ലക്ഷത്തിന് 1671 രൂപയാണ് പ്രീമിയം. 'കാരുണ്യ"യെക്കാൾ വിപുലമായ പദ്ധതിയാണിത്. കെ.എം. മാണിയോടുള്ള ആദരസൂചകമായി പദ്ധതിക്ക് 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി" എന്നാണ് പേരുനൽകിയത്. ഹീമോഫീലിയ തുടങ്ങിയ ചില രോഗങ്ങൾ ഇൻഷ്വറൻസിന്റെ പരിധിയിൽ വരില്ല. ഇവർക്ക് സഹായം നൽകാൻ പ്രത്യേക ഉത്തരവിറക്കും. ആർ.സി.സിയടക്കം ചില ആശുപത്രികൾ പദ്ധതിയിൽ പങ്കാളികളായിട്ടില്ല. പഴയ 'കാരുണ്യ" നിറുത്തിയാലേ എല്ലാ ആശുപത്രികളും ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാകൂ. ആർ.സി.സിക്കടക്കം നഷ്ടമുണ്ടായാൽ നികത്തുമെന്നും മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും പി.ജെ. ജോസഫിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.