വെഞ്ഞാറമൂട്: കീഴായിക്കോണത്ത് ബൈക്കിൽ എത്തിയ മുഖംമൂടി സംഘം ഹോട്ടൽ അടിച്ചു തകർത്തു. വെമ്പായം സ്വദേശി മിഥുലാജിന്റെ ഉടമസ്ഥതയിലുള്ള കീഴായിക്കോണം ശാലിനി ഭവനിലെ "മീൻചോല" റസ്റ്റോറന്റാണ് തകർത്തത്. ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റസ്റ്റോറന്റിലെ ജീവനക്കാരെയും ആഹാരം കഴിച്ചിരുന്നവരെയും വിരട്ടി ഓടിച്ച ശേഷമാണ് കടയ്ക്കുള്ളിൽ കടന്ന് അക്രമം നടത്തിയത്. കടയിലെ മുഴുവൻ സാധനങ്ങളും പൂർണമായും തല്ലിത്തകർത്തു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറയുന്നു. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. എങ്കിലും ചില ബൈക്കുകളുടെ നമ്പരുകൾ ദൃക്സാക്ഷികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ശരിയായ നമ്പരാണോ എന്ന് പരിശോധിച്ചാൽ മാത്രമേ അറിയാനാകൂ. കടയുടെ എതിർവശത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറയിൽ നിന്ന് അക്രമികളെ കുറിച്ച് ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം യുവാവിന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് തെരയുന്ന പ്രതിക്ക് ഈ കടയുമായുള്ള ബന്ധമാണോ ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായും ഇതിനെ ചുറ്റിപ്പറ്റിയും അന്വേഷണം ഊർജ്ജിതമാക്കിയതായും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ബി. ജയൻ പറഞ്ഞു.