തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി ശുപാർശ പ്രകാരമുളള ശമ്പള വർദ്ധന നടപ്പാക്കി സർക്കാർ ഉത്തരവിറക്കി. 2016 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.
. അസിസ്റ്റന്റ് പ്രൊഫസർ മുതൽ പ്രൊഫസർ വരെയുള്ളവർക്ക് 30000 രൂപവരെ വർധനയുണ്ടാകും. അസിസ്റ്റന്റ് പ്രൊഫസർക്ക് 10,000 – 20,000 രൂപ വരെയും അസോസിയേറ്റ് പ്രൊഫസർക്ക് 25,000 – 30,000 രൂപ വരെയും വർദ്ധന ലഭിച്ചേക്കും. പുതുക്കിയ ശമ്പളം അധികം താമസിയാതെ നൽകിത്തുടങ്ങുമെന്ന് മന്ത്റി കെ.ടി.ജലീലിന്റെ ഓഫീസ് നിന്ന് അറിയിച്ചു.
സർവകലാശാലകൾ, അഫിലിയേറ്റഡ് കോളേജുകൾ, ലാ കോളേജ്, എൻജിനിയറിംഗ് കോളേജ്, കാർഷിക സർവകലാശാല, വെറ്റിനറി സർവകലാശാല, കേരളാ യൂണിവേഴ്‌സിററി ഒഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് എന്നിവിടങ്ങളിലെ അദ്ധ്യാപകർ, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകർ , യോഗ്യരായ ലൈബ്രേറിയൻമാർ തുടങ്ങിയവർക്കാണിത് ബാധമാവുക. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും സർവ്വകലാശാല മറ്റ് സ്റ്റാറ്റ്യൂട്ടറി ബോഡികൾ എന്നിവിടങ്ങളിലും ഭരണപരമായ തസ്തികകളിൽ നിയമിച്ചിട്ടുള്ള അദ്ധ്യാപകർക്കും നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി ഇത് ബാധകമാകും.
2016 ജനുവരി മുതൽ 2019 മാർച്ച് 31 വരെയുള്ള കുടിശ്ശിക വിതരണം കേന്ദ്ര സഹായവും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്തായിരിക്കും. ഈ കാലയളവിൽ വിരമിച്ചവരുടെ കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കോളേജ് അദ്ധ്യാപകരുടെ ശമ്പളത്തിന്റെ 80 ശതമാനവും യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെതായിരുന്നു. പുതിയ ശമ്പളപരിഷ്‌കരണത്തിൽ 50 ശതമാനം മാത്രമേ യു.ജി.സി നൽകൂ. പകുതി തുക സംസ്ഥാന സർക്കാർ കണ്ടെത്തണം. ശമ്പള പരിഷ്‌കരണം മാർച്ചിന് മുമ്പ് നടപ്പാക്കിയില്ലെങ്കിൽ വിഹിതം ലഭ്യമാക്കില്ലെന്ന് യു.ജി.സി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയത്.