തിരുവനന്തപുരം: ഇടുക്കിയിലെ കസ്റ്റഡി മരണത്തെ തുടർന്നുള്ള വാദപ്രതിവാദത്തിൽ നിയമസഭ ഇന്നലെയും പ്രക്ഷുബ്‌ധമായി. ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ലോക്കപ്പിൽ ജനങ്ങളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പൊലീസുകാർ ഇനി സർവീസിലുണ്ടാകില്ലെന്ന് വി.ഡി. സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വിലയില്ലാതായെന്നും വരാപ്പുഴയിലെ ശ്രീജിത്തിനെ മർദ്ദിച്ചുകൊന്ന എല്ലാവരും സർവീസിലുണ്ടെന്നും നേതൃത്വം കൊടുത്ത എസ്.പിയെ ഡി.ഐ.ജിയാക്കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. രാജ്കുമാറിന്റെ മരണത്തിൽ ഉത്തരവാദിയായ പൊലീസുകാരെ രക്ഷപ്പെടുത്താനും കേസ് ദുർബലമാക്കാനും ശ്രമമുണ്ട്. ഇടുക്കി എസ്.പിക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേഷനുകളിലെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണ റിപ്പോർട്ട് ലഭിക്കാതെ നടപടിയിലേക്കു നീങ്ങാനാകില്ല. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പഞ്ചായത്ത് അംഗം ആലീസ് തോമസിന്റെ പരാതിയിൽ രാജ്കുമാറിനെ മർദ്ദിച്ച നാട്ടുകാർക്കെതിരെ കേസെടുത്തെന്നും മുഖ്യമന്ത്റി പറഞ്ഞു. എന്നാൽ രാജ്കുമാർ മരിച്ചശേഷം നാട്ടുകാരെ പ്രതിയാക്കി കേസെടുത്തത് കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാനാണെന്ന് സതീശൻ ആരോപിച്ചു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോപകൃഷ്ണൻ പ്രസിഡന്റായ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് രാജ്കുമാർ സമാഹരിച്ച തുക ശേഖരിച്ചത്. ഇതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പൊലീസുകാർ കള്ളത്തെളിവുണ്ടാക്കി കേസ് അട്ടിമറിക്കുമെന്നും ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാൽക്കോടി കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ഡിവൈ.എസ്.പിയാണ് കേസന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.