niyamasabha

'വെട്ടും കുത്തും പരിശയ്ക്ക്, കിട്ടും വിരുത് പണിക്കാർക്ക്' എന്ന മട്ടിൽ, വിരുത് പൊലീസിനും വെട്ടും കുത്തുമത്രയും മന്ത്രി മണിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും എന്നതായി അടിയന്തരപ്രമേയ നോട്ടീസിന്മേലുണ്ടായ വാഗ്വാദങ്ങളുടെ ഗതിവിഗതികൾ. നെടുങ്കണ്ടം കസ്റ്റഡിമരണത്തെക്കുറിച്ചുള്ള തർക്കത്തിനിടയിൽ മന്ത്രി മണിയും തിരുവഞ്ചൂരും പഴികളേറ്രുവാങ്ങാൻ നിർബന്ധിതരായെന്ന് ചുരുക്കം.

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ടാണ് വി.ഡി. സതീശനും മറ്റും അടിയന്തരപ്രമേയം കൊണ്ടുവന്നത്. തിന്നുന്ന മന്ത്രിക്ക് കൊല്ലുന്ന പൊലീസുദ്യോഗസ്ഥൻ എന്ന് ഇടുക്കി എസ്.പിയെയും മന്ത്രി മണിയെയും ചേർത്തുകെട്ടി സതീശൻ വാദിച്ചത് മന്ത്രി മണിയെ പ്രകോപിപ്പിച്ചില്ലെങ്കിലാണദ്ഭുതം. തന്നെ പ്രതിക്കൂട്ടിൽ കയറ്റി ആളെ വെടക്കാക്കേണ്ടെന്ന് മണി രോഷാകുലനായി. താൻ കേട്ടിട്ടേയില്ലാത്ത കേസിലടക്കം പ്രതിയാക്കി നാടുകടത്താൻ നോക്കിയ മാന്യദേഹമായി തിരുവഞ്ചൂരിനെ മന്ത്രി 'വാഴ്ത്തിപ്പാടി'യതാണ് പിന്നത്തെ വഴിത്തിരിവ്. 1, 2, 3 പ്രസംഗം അങ്ങയുടെ പാർട്ടിക്കാരൻ വീഡിയോയിലെടുത്തിട്ടതിന് തന്റെ മേക്കിട്ട് കയറുന്നതെന്തിനെന്ന് ഉടനടി തിരുവഞ്ചൂരിൽ നിന്ന് രോദനമുയർന്നു.

തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായ കാലത്ത് പലരെയും പ്രതിയാക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തോ ദുസൂചന മനസിലൊളിപ്പിച്ചത് പോലെയായിരുന്നു. തനിക്കറിയാവുന്ന കുറേ കാര്യങ്ങൾ ഇവിടെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ തിരുവഞ്ചൂർ കൂടുതൽ തർക്കിക്കാൻ നിന്നില്ല. ഇനിയങ്ങനെ വല്ലതുമുണ്ടോ?

'കാറപകടത്തിൽ പെട്ടു മരിച്ച വഴിയാത്രക്കാരന്റെ ചോരയിൽ ചവിട്ടി ആൾക്കൂട്ടം നിൽക്കെ, മരിച്ചവന്റെ പോക്കറ്റിൽ നിന്നു പറന്ന അഞ്ച് രൂപയിലായിരുന്നു എന്റെ കണ്ണ് ' എന്ന കവി അയ്യപ്പന്റെ വരികൾ കൊണ്ടാണ് സതീശൻ നെടുങ്കണ്ടം പൊലീസിനെ വിശേഷിപ്പിച്ചത്. തട്ടിപ്പുകേസിൽ പിടിയിലായ രാജ്കുമാറിന്റെ കൈവശമുള്ള പണം തട്ടാൻ ശ്രമിച്ച പൊലീസ് നടത്തിയത് നിധിവേട്ടയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് പൊലീസിന് ചേരാത്ത പണിയെന്തെങ്കിലുമെടുത്തിട്ടുണ്ടെങ്കിൽ കർശനനടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. മരണത്തിനുത്തരവാദികളായവർ സർവീസിൽ തന്നെയില്ലാത്ത സ്ഥിതിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിശ്വാസമായില്ല. വരാപ്പുഴയിൽ ലോക്കപ്പിലിട്ട് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയവരെല്ലാം സർവീസിലുണ്ടെന്നതാണ് അദ്ദേഹത്തിന്റെ സംശയത്തിന് നിദാനം.

സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാത്ത പ്രതിപക്ഷത്തെ നോക്കി പി. ഐഷാ പോറ്റി വേദനിച്ചത് ഉപധനാഭ്യർത്ഥന ചർച്ചയിലാണ്. കണ്ണുണ്ടായാൽ പോരാ കാണണം, കാതുണ്ടായാൽ പോരാ കേൾക്കണം എന്നവർ പ്രതിപക്ഷത്തോടാഹ്വാനം ചെയ്തു. സാർ വിളിയും കാറും സംസാരവുമാണ് ഇപ്പോഴത്തെ സർക്കാർനയമെന്ന് ഉപധനാഭ്യർത്ഥനയിൽ വാഹനങ്ങൾ വാങ്ങാൻ പണം നീക്കിവച്ചത് കണ്ട പാറയ്ക്കൽ അബ്ദുള്ള കരുതുന്നു.

പ്രളയത്തിൽ കല്ലായിപ്പുഴയിൽ വെള്ളം കേറിയതും പാണക്കാട് പ്രദേശം മുങ്ങിയതുമെല്ലാം ഓർത്തെടുത്ത വി.കെ.സി. മമ്മത് കോയ മലപ്പുറത്തും കോഴിക്കോടും ഡാമുകളുണ്ടോയെന്ന് പ്രതിപക്ഷത്തോട് ചോദിച്ചു. നാല്പത്തിനാല് നദികളെയും സമൃദ്ധമാക്കിക്കൊണ്ട് കേരളത്തിന്റെ ജലസാമ്രാജ്യം നിലനിൽക്കുന്നതാണ് ഈ മഴയില്ലാക്കാലത്തെ മുല്ലക്കര രത്നാകരന്റെ സ്വപ്നം. കശുമാങ്ങയിൽ നിന്ന് മദ്യവും ചക്കയിൽ നിന്ന് വീഞ്ഞുമുത്പാദിപ്പിക്കാൻ അബ്കാരിനയം തടസമെങ്കിൽ അത് തിരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പ്രവാസിചിട്ടിയിൽ നൈജീരിയയിൽ നിന്ന് ചേർന്ന 15 സാജന്മാരുടെ കൂട്ടത്തിൽ ആന്തൂരിൽ മരിച്ച പ്രവാസിയില്ലെന്ന് എം. നൗഷാദ് കണ്ടെത്തി. അതിനാൽ പ്രതിപക്ഷം മരണത്തെ ആഘോഷിക്കുന്നുവെന്ന് അദ്ദേഹം വ്യാകുലചിത്തനായി. കാറൽമാർക്സിനെ മൂലധനമെഴുതാൻ സഹായിച്ചവരെന്ന മട്ടിലാണ് പ്രതിപക്ഷത്തെ ചിലരുടെ സംസാരമെന്നാണ് വി. ജോയിയുടെ തോന്നൽ.

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണത്തെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യത്തെ എ. പ്രദീപ്കുമാർ വല്ലാതെ സംശയിച്ചു. എതിർപ്പിന്റെ മൂലകാരണം അദ്ധ്യാപകരുടെ സീനിയോറിട്ടി നഷ്ടമാകുമെന്നതാണെന്ന് വാദിച്ചുനോക്കിയത് തിരുവഞ്ചൂരാണ്. സീനിയോറിട്ടി പോകുന്ന ഒരദ്ധ്യാപകനെ കാട്ടിത്തരാമോയെന്ന് മന്ത്രി രവീന്ദ്രനാഥ് വെല്ലുവിളിച്ചപ്പോൾ പത്ത് ഉദാഹരണം തരാമെന്ന് സധൈര്യം തിരുവഞ്ചൂർ അതേറ്റെടുത്തിട്ടുണ്ട്. എന്താകുമോ എന്തോ!