തിരുവനന്തപുരം : മന്ത്രി എം.എം. മണിയുടെ വിവാദമായ വൺ, ടൂ, ത്രീ പ്രസംഗവുമായി ബന്ധപ്പെട്ട വി.ഡി. സതീശന്റെ പരാമർശത്തിൽ നിയമസഭ പ്രക്ഷുബ്‌ധമായി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയാണ് സതീശൻ പ്രസംഗം പരാമർശിച്ചത്. മണിയുടെ പഴയ വൺ, ടൂ, ത്രീ പ്രസംഗത്തിലൂടെ ഒരുത്തനെ തല്ലിക്കൊന്നു, ഒരുത്തനെ കുത്തിക്കൊന്നു, ഒരുത്തനെ വെടിവച്ചു കൊന്നുവെന്നാണ് പറഞ്ഞത്. ഫോറായി ഒരാളെ ലോക്കപ്പിലിട്ട് ഉരുട്ടിക്കൊല്ലാൻ നിർദ്ദേശിച്ചുവെന്ന് പറയാമെന്നായിരുന്നു സതീശന്റെ ആരോപണം.

പ്രസംഗം അവസാനിച്ചതോടെ എം.എം. മണി മറുപടിയുമായി എഴുന്നേറ്റു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലു കൊലപാതകക്കേസിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചു. ഒരുകേസിൽ അറസ്റ്റ് ചെയ്തു. തനിക്ക് നാടുവിടേണ്ടി വന്നു. ഹൈക്കോടതി ഇടപെട്ടതു കൊണ്ടാണ് രക്ഷപ്പെട്ടത്. കസ്റ്റഡി മരണക്കേസിൽ നിരപരാധിയായ തന്നെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും മണി പറഞ്ഞു.

മണിയുടെ പരാമർശവുമായി ബന്ധപ്പെട്ടു പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ചപ്പോൾ ഭരണകക്ഷിയും എഴുന്നേറ്റത് അല്പസമയം ബഹളത്തിനിടയാക്കി. തൊടുപുഴ കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നെന്നും അഞ്ചേരി ബേബി വധക്കേസിലെ വൺ, ടൂ, ത്രീ പ്രസംഗം മാദ്ധ്യമങ്ങൾക്കു നൽകിയത് സി.പി.എമ്മുകാർ തന്നെയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കേ പലരെയും പ്രതിയാക്കാൻ ശ്രമിച്ചിട്ടുണ്ടാകുമെന്നും അതൊന്നും ഇപ്പോൾ സഭയിൽ പറയുന്നില്ലെന്നും പറഞ്ഞാണ് മുഖ്യമന്ത്രി രണ്ടാം മറുപടി പ്രസംഗം തുടങ്ങിയത്.