ramesh-cheniithala

തിരുവനന്തപുരം: ഇടത് സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരാച്ചാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച് ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ സ്‌തംഭിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4500 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വന്നിട്ടും പകുതി പോലും ചെലവഴിക്കാത്ത മുഖ്യമന്ത്രി നിധികാക്കുന്ന ഭൂതത്തെപോലെ ഇരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ മനം മടുപ്പിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അഗം ഉമ്മൻചാണ്ടി ആരോപിച്ചു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന തദ്ദേശ സ്വയംഭരണ മന്ത്രിയുടെ പ്രവർത്തനം നിഷ്‌ക്രിയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.സി. ജോസഫ്, എം. വിൻസെന്റ്, അനിൽ അക്കര, എ.പി. അനിൽകുമാർ, കെ.എസ്. ശബരീനാഥൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, റോജി എം. ജോൺ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, ബിന്ദു കൃഷ്ണ, നെയ്യാറ്റിൻകര സനൽ, എൻ. വേണുഗോപാൽ, തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, ലതികാ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.