തിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിക്കായി 219 കോടിയുടെ സമഗ്രവികസന പദ്ധതിക്ക് മാസ്​റ്റർ പ്‌ളാൻ തയാറായതായി മന്ത്റി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടിയായാണ് മന്ത്റി ഇക്കാര്യം അറിയിച്ചത്. നിലവിൽ നടന്നുവരുന്ന വികസനപദ്ധതികളെ കൂടാതെയാണ് ഇതെന്നും മന്ത്റി വ്യക്തമാക്കി.
ഇതിൽ 174 കോടിക്കുള്ള പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കിഫ്ബിക്കു കൈമാറിയിട്ടുണ്ട്. മൂന്നുനിലകളുള്ള പുതിയ ബ്‌ളോക്കാണ് ഉദ്ദേശിക്കുന്നത്. മുപ്പതിനായിരം ചതുരശ്ര അടിയോളം ഇതിനുണ്ടാകും. ആധുനിക ട്രോമാ കെയർ യൂണി​റ്റ്, മോഡുലാർ ഓപ്പറേഷൻ തിയ​റ്റർ തുടങ്ങിയവ ഈ പുതിയ ബ്‌ളോക്കിലുണ്ടാകും.
വലിയ ആശുപത്രി എന്ന നിലയിൽ പേവാർഡ് സൗകര്യം എത്രയും വേഗം ആരംഭിക്കും. ഇതിന്റെ നിർമാണത്തിനായി നടപടിയെടുക്കാനായി കെ.എച്ച്.ആർ.ഡബ്‌ള്യു.എസിനെ ചുമതലപ്പെടുത്തും. കൂടുതൽ ഡയാലിസിസ് യൂണി​റ്റുകൾ ആരംഭിക്കും. പ്രതിദിനം 2500 ഒ.പിയും 374 കിടക്കയും ആശുപത്രിയിലുണ്ട്. 410 തസ്തിക കൂടാതെ ആർദ്റം പദ്ധതിയിൽപ്പെടുത്തി 9 തസ്തിക കൂടി അനുവദിച്ചിരുന്നു. ഒ.പി ബ്‌ളോക്കിന്റെ നവീകരണത്തിനായി 2.3 കോടി അനുവദിച്ചു. ജില്ലാ പഞ്ചായത്തും ഒരു കോടി നൽകി. മൂന്ന്, നാല് ബ്‌ളോക്കുകളുടെ നവീകരണത്തിനും പദ്ധതിയായി. അഡ്മിനിസ്‌ട്രേ​റ്റീവ് ബ്‌ളോക്കിനായി എം.എൽ.എ ഫണ്ടിൽ നിന്നു മൂന്നുകോടി നീക്കിവച്ചു.ആശുപത്രിയുടെ വികസനത്തിനായി സാദ്ധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും മന്ത്റി പറഞ്ഞു.