തിരുവനന്തപുരം: ഇടുക്കിയിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ വച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. കേസ് വഴിമാറ്റാനാണ് പൊലീസിന്റെ ശ്രമം. കേസിൽ നിന്ന് രക്ഷപ്പെടാൻ പൊലീസുകാർ മാർഗങ്ങളുണ്ടാക്കുകയാണ്. ജുഡിഷ്യൽ അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും തുടരട്ടെ. അന്വേഷണം മികച്ച ഉദ്യോഗസ്ഥരെ ഏല്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മഴ പെയ്താൽ വെള്ളം ഒലിക്കുന്ന ഒരു ലയത്തിലാണ് രാജ്കുമാറും ഭാര്യയും മൂന്ന് കുട്ടികളും വൃദ്ധയായ മാതാവും കഴിഞ്ഞിരുന്നത്. രാജ്കുമാറിന് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടായിരുന്നെങ്കിൽ ആ ലയത്തിൽ കഴിയുമോ? രാത്രി 12ന് രാജ്കുമാറിനെ പൊലീസ് വീട്ടിൽ കൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ചു. പണമെവിടെ എന്നാണ് പൊലീസ് ചോദിക്കുന്നത്. അവിടെ നിന്നും ഒന്നും കിട്ടിയില്ല. ഒരു മൊബൈൽ ഫോൺ പോലും ശരിക്ക് ഓപ്പറേറ്റ് ചെയ്യാൻ അറിയാത്ത ആളാണ് രാജ്കുമാറെന്നാണ് അമ്മ പറഞ്ഞത്. അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനു പിന്നിൽ ഏതോ കറുത്ത കൈകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇടുക്കി എസ്.പി നരനായാട്ട് നടത്തുന്ന നരാധമനാണെന്ന് വ്യാപകമായ പരാതിയുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങൾ എസ്.പിയുടെ പേരിലുണ്ട്. പൊലീസുകാർ കാശ് തട്ടുന്നതിനുവേണ്ടിയാണ് രാജ്കുമാറിനെ അടിച്ചുകൊന്നതെന്നും ചെന്നിത്തല പറഞ്ഞു.