1

നേമം: അതിർത്തി കടന്നെത്തുന്ന ക‌ഞ്ചാവ് വാങ്ങാനെത്തുന്നവരുടെ വിഹാരകേന്ദ്രമാകുകയാണ് റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും. നേമം റെയിൽവേ സ്റ്റേഷനു സമീപമുള്ള കാട്ടാക്കട റോഡിൽ ബ്രിഡ്ജിന് സമീപവും പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ ചാനൽകരയും കഞ്ചാവ് കൈമാറ്റത്തിനുപയോഗിക്കുന്ന സ്ഥലങ്ങളാണെന്ന് നാട്ടുകാർ പറയുന്നു.

സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്ത് ആവശ്യക്കാർ എത്തി സാധനം വാങ്ങുകയാണ് പതിവ്. കഴിഞ്ഞമാസം നേമം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ട്രെയിനിലെത്തിച്ച 8.5 കിലോ കഞ്ചാവുമായി നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമരവിള ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കിയതോടെ ട്രെയിൻ മാർഗം ബാലരാമപുരത്തോ നേമം റെയിൽവേ സ്റ്റേഷനിലോ എത്തിച്ച് ഇടനിലക്കാർക്ക് കൈമാറുന്നതാണ് രീതി. മുൻ നിശ്ചയിച്ച പ്രകാരം അതിർത്തി കടന്നെത്തുന്ന കഞ്ചാവ് പാറശാല റെയിൽവേ പൊലീസിന്റെ കൈയ്യിൽ പെടാതെ ബാലരാമപുരത്തിന് സമീപമുളള ഒരു കിലോ മീറ്ററോളം ദൈർഘ്യം വരുന്ന ടണലിനുളളിൽ വലിച്ചെറിയികയോ സമീപ പ്രദേശങ്ങളിൽ തള്ളുകയോ ചെയ്യും. തുടർന്ന് കടത്ത് സംഘം നൽകുന്ന വിവരം അനുസരിച്ച് കഞ്ചാവ് വിതരണ സംഘം ഈ സ്ഥലത്തെത്തി കഞ്ചാവ് ശേഖരിച്ച് ചെറു ഗോഡൗണുകളിൽ എത്തിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

അവിടെ നിന്നും ചെറു പൊതികളാക്കി വില്പനയ്ക്കായി വിവിധയിടങ്ങളിലെത്തിക്കും.