തിരുവനന്തപുരം: ആരോഗ്യ, തദ്ദേശ വകുപ്പുകൾക്കെതിരെ നിയസഭയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബന്ധപ്പെട്ട മന്ത്രിമാർ ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗം വി.ഡി.സതീശനാണ് രണ്ട് അഴിമതി ആരോപണങ്ങളും ഉന്നയിച്ചത്. ശുചിത്വ മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന അമൃത് പദ്ധതിയിൽ ദ്രവമാലിന്യ സംസ്കരണ പ്ളാന്റ് നിർമ്മിക്കാൻ കൺസൽട്ടൻസിയായി മതിയായ യോഗ്യതയില്ലാത്ത സ്ഥാപനത്തെ ചുമതലപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ഒരാരോപണം.

ബ്ളഡ് ബാങ്കുകളിൽ രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കുമ്പോൾ മിച്ചമാവുന്ന പ്ളാസ്മ വിൽക്കാൻ റിലയൻസിന്റെ മരുന്നു നിർമ്മാണ കമ്പനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ആരോപണം. 2016 ൽ സ്ഥാപിതമായ സ്വകാര്യ സ്ഥാപനത്തിനാണ് ദ്രവമാലിന്യപ്ളാന്റ് നിർമ്മാണത്തിനുള്ള കൺസൽട്ടൻസി കരാർ| നൽകിയത്. യോഗ്യതയുള്ള മറ്റു കമ്പനികളെ ഒഴിവാക്കിയും, മാനദണ്ഡങ്ങൾ പാലിക്കാതെയും ഈ കമ്പനിക്ക് കരാർ നൽകുകവഴി 629 കോടിയുടെ പദ്ധതി അവതാളത്തിലായി. ഇതിൽ നഗ്നമായ അഴിമതിയുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ ബ്ളഡ് പോളിസി അനുസരിച്ച് രക്തബാങ്കുകളിൽ ഘടകങ്ങൾ വേർതിരിക്കുമ്പോൾ അധികം വരുന്ന പ്ളാസ്മ വിൽക്കാൻ അനുമതിയുണ്ട്. കരൾരോഗങ്ങൾക്കും ഹീമോഫീലിയ പോലുള്ള രോഗങ്ങൾക്കുമുള്ള മരുന്നുകളടക്കം മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനാണിത്.ഒരു ലിറ്ററിന് 1600 രൂപയിൽ കൂടുതൽ വില ഈടാക്കരുതെന്നും, മരുന്നു കമ്പനിയിൽ നിന്ന് ഇത്തരം മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ റിലയൻസിന്റെ ലൈഫ് സയൻസ് എന്ന മരുന്നു കമ്പനി ലിറ്ററിന് 2200 വില നിശ്ചയിച്ച് പ്ളാസ്മ വാങ്ങാൻ കരാറിലേർപ്പെട്ടതിൽ വലിയ അഴിമതിയുണ്ടെന്ന് സതീശൻ ആരോപിച്ചു.

പദ്ധതികൾ തുടങ്ങിയത് യു.ഡി.എഫ്

ഭരണകാലത്തെന്ന് മന്ത്രിമാർ

ദ്രവമാലിന്യ പ്ളാന്റ് നിർമ്മാണ പദ്ധതിക്ക് അംഗീകാരം നൽകിയത് 2015 ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്ന് ,ആരോപണം നിഷേധിച്ച മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. അതിന്റെ തുടർച്ചയെന്ന നിലയ്ക്കാണ് കൺസൽട്ടൻസിയെ നിയോഗിച്ചത്.

സാങ്കേതിക വിദഗ്ദ്ധരുടെ സമിതിയാണ് 9 കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. സംസ്ഥാനതല സമിതി സാങ്കേതിക പരിശോധന നടത്തിയാണ് അംഗീകാരം നൽകിയത്. തദ്ദേശ സ്ഥാപനങ്ങൾ ഈ ടെൻഡർ നടപടിയിലൂടെയാണ് ഏജൻസികളെ തിരഞ്ഞെടുത്തത്. 115 പദ്ധതികൾ വാട്ടർ അതോറി​റ്റിയാണ് ചെയ്യുന്നത്. 23 പദ്ധതികൾ മാത്രമാണ് കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഇലക്ട്രോ ബയോ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയും പരിശോധന നടത്തി. ഇന്ത്യയിൽ മുന്നൂറോളം പ്ലാന്റുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ആശുപത്രികളിലും ചില സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്നും മൊയ്തീൻ വ്യക്തമാക്കി.

ബ്ളഡ് ബാങ്കുകളിൽ മിച്ചമാവുന്ന പ്ളാസ്മ വില്പന നടത്തുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്താണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മറുപടി നൽകി.

അധികം വരുന്ന പ്ളാസ്മ വില്പന നടത്തുന്നത് സംബന്ധിച്ച് 2012 ലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത് കിട്ടുന്നത്. 2013 ൽ യു.ഡി.എഫ് സർക്കാർ ഇതിനായി വിദഗ്ദ്ധരുൾപ്പെട്ട കമ്മിറ്റിയെ നിയോഗിച്ചു.ടെണ്ടറിന്റെ മാനദണ്ഡം തയ്യാറാക്കിയതും അന്നാണ്. 2015 ൽ വീണ്ടും നാകോ (നാഷണൽ എയ്ഡ്സ് കൺട്രോൾ ഒർഗനൈസേഷൻ) സംസ്ഥാനത്തിന് കത്തു നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ ഓപ്പൺ ടെണ്ടർ ക്ഷണിച്ചത്. റിലയൻസ് കമ്പനി ക്വാട്ട് ചെയ്തത് ലിറ്ററിന് 2600 രൂപയാണ്. തീർത്തും വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെയാണ് ടെണ്ടർ ചെയ്തത്. ഈ ഇടപാടിലൂടെ കിട്ടുന്ന പണം ബ്ളഡ് ബാങ്കുകളുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 38 ബ്ളഡ് ബാങ്കുകളും 28 സെപ്പറേഷൻ യൂണിറ്റുമാണ് സർക്കാർ നിയന്ത്രണത്തിലുള്ളതെതെന്നും മന്ത്രി പറഞ്ഞു.