abvp-secretariate-march

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എ.ബി.വി.പി ദേശീയ സമിതി അംഗങ്ങളായ വിഷ്ണുസുരേഷ്,​ അജയ്‌കൃഷ്ണ,​ സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്,​ രവിശങ്കർ,​ ഹരിഗോവിന്ദ്,​ ഗോകുൽ എന്നിവരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പെൺകുട്ടികളെയടക്കം 12 പേരെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ആയുർവേദ കോളേജ് ഭാഗത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ നോർത്ത് ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചു. ഇതിനിടെ ചിലർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആദ്യം പിന്തിരിഞ്ഞ് ഓടിയ പ്രവർത്തകർ പിന്നീട് കല്ലേറ് തുടർന്നതോടെ പൊലീസ് ലാത്തിവീശി. ഒപ്പം രണ്ട് റൗണ്ട് ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ പരിക്കേറ്റവരുമായി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ആംബുലൻസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ വീണ്ടും സംഘർഷമുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പന്ത്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് സംഘർഷം അവസാനിച്ചത്

ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു. പ്രവർത്തകർക്ക് പരിക്കേറ്റതോടെ സ്ഥലത്തേക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അടക്കമുള്ള നേതാക്കളും എത്തിയിരുന്നു.

ഇന്ന് വിദ്യാഭ്യാസ ബന്ത്

സെക്രട്ടേറിയറ്റിന് മുന്നിൽ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്ന് എ.ബി.വി.പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്‌‌തിട്ടുണ്ട്.