തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണത്തിന് തയ്യാറായേക്കും. ജയിൽ, ജുഡിഷ്യറി, പൊലീസ് വകുപ്പുകൾ സംശയനിഴലിലുള്ള കേസിൽ ജുഡിഷ്യൽ അന്വേഷണമാകാമെന്നാണ് സർക്കാർ നിലപാട്. സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് ലഭിക്കാനിടയില്ലാത്തതിനാൽ വിരമിച്ച ജഡ്ജിയെയാവും നിയോഗിക്കുക. നാലുദിവസം അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ച് അതിക്രൂരമായി മർദ്ദനമേല്പിച്ചാണ് രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കസ്റ്റഡി മരണമല്ലെന്ന് വരുത്തിത്തീർക്കാൻ, രാജ്കുമാറിനെ മർദ്ദിച്ചെന്ന് ആരോപിച്ച് പൊലീസ് നാട്ടുകാർക്കെതിരെ കള്ളക്കേസെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുന്നതു പോലും വൈകിച്ചു.
എഴുന്നേറ്റുനിൽക്കാൻ പോലുമാവാതെ അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ, റിമാൻഡ് ചെയ്ത മജിസ്ട്രേട്ടിനെതിരെ ഹൈക്കോടതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജയിലിൽ പ്രവേശിപ്പിച്ചത് അവശനിലയിലായിട്ടും സൂപ്രണ്ട് റിപ്പോർട്ട് ചെയ്തില്ല. ഇത്തരം വിവരങ്ങൾ ജയിൽ മേധാവിയെ അറിയിക്കണമെന്നാണ് ചട്ടം. ഇടുക്കിയിലെ രാഷ്ട്രീയക്കാരും പ്രാദേശികമായ സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. രാജ്കുമാറിന്റെ കസ്റ്റഡി താൻ അറിഞ്ഞില്ലെന്ന ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിന്റെ വാദവും സംശയാസ്പദമാണ്. സ്പെഷ്യൽബ്രാഞ്ച് ഇക്കാര്യം എസ്.പിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം ജുഡിഷ്യൽ അന്വേഷണവും നടത്താനുള്ള സാദ്ധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്.
മരങ്ങാട്ടുപിള്ളി സ്റ്റേഷനിൽ 2015 ജൂണിൽ പാറയ്ക്കൽ സിബി (40) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ യു.ഡി.എഫ് സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് ഡി. ശ്രീവല്ലഭനെയാണ് കമ്മിഷനാക്കിയത്. ഇതുവരെ കമ്മിഷൻ റിപ്പോർട്ടായിട്ടില്ല. കഴിഞ്ഞ ഡിസംബർ ഒന്നിന് കമ്മിഷന്റെ കാലാവധി കഴിഞ്ഞെങ്കിലും വീണ്ടും നീട്ടിനൽകി.
ശ്രീവല്ലഭൻ കമ്മിഷനു പുറമെ മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷൻ, പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ജുഡിഷ്യൽ അന്വേഷണം
1952ലെ കമ്മിഷൻ ഒഫ് എൻക്വയറീസ് ആക്ട് പ്രകാരം സർക്കാരുകൾക്ക് ഗസറ്ര് വിജ്ഞാപനത്തിലൂടെ കമ്മിഷനെ നിയോഗിക്കാം
അന്വേഷണ വിഷയങ്ങൾ (ടേംസ് ഒഫ് റഫറൻസ്) സർക്കാരിന് നിശ്ചയിക്കാം.
കമ്മിഷൻ റിപ്പോർട്ടിന്മേൽ സർക്കാരിന് നടപടിയെടുക്കുകയോ ശുപാർശകൾ തള്ളുകയോ ചെയ്യാം.
''നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം ജുഡിഷ്യൽ അന്വേഷണവും വേണം. വ്യാജതെളിവുണ്ടാക്കി പൊലീസ് കേസ് അട്ടിമറിക്കും.''
രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്